അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാരം മാത്യു നെല്ലിക്കുന്നിന്
Saturday, April 21, 2018 12:13 PM IST
ഹൂസ്റ്റന്‍: മലയാള സാഹിത്യ കുലപതിയും 'ശൈലി വല്ലഭന്‍' എന്ന വിശേഷണത്തിനര്‍ഹനുമായ അപ്പന്‍ തമ്പുരാന്റെ സ്മരണാര്‍ഥം യുവമേള പബ്ലിക്കേഷന്‍സ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം അമേരിക്കന്‍ മലയാളി എഴുത്തുകാരനും ഹൂസ്റ്റന്‍ നിവാസിയുമായ മാത്യു നെല്ലിക്കുന്നിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രമുഖ തമിഴ് ഭാഷാ സാഹിത്യകാരന്‍ സുബ്രഭാരതി മണിയന്‍ ആണു പുരസ്‌കാരം നല്‍കി മാത്യു നെല്ലിക്കുന്നിനെ ആദരിച്ചത്. ഇദ്ദേഹം രചിച്ച 'അനന്തയാനം' എന്ന നോവലിനാണ് അവാര്‍ഡ്. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നു അമേരിക്കയിലെത്തി ധനാഢ്യനായ ബിസിനസ്സുകാരനായി മാറുന്ന ഗോവിന്ദന്‍ കുട്ടിയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം.

അമേരിക്കയിലെ പല ഇന്ത്യക്കാരുടേയും ജീവിതത്തിന്റെ നേര്‍ക്കാഴ്ച ഗോവിന്ദന്‍ കുട്ടിയിലൂടെ വെളിപ്പെടുമ്പോള്‍ പുതിയ വായനാനുഭൂതിയാണ് ലഭിക്കുന്നതെന്നും, സംഭവങ്ങളുടെ അവതരണത്തിലുള്ള മാത്യു നെല്ലിക്കുന്നിന്റെ രചനാ പാടവം നോവലിനെ വേറിട്ടു നിര്‍ത്തുന്നുവെന്നും ജഡ്ജിംഗ് കമ്മറ്റി ചൂണ്ടിക്കാട്ടി. മാത്യു നെല്ലിക്കുന്നിന്റെ രചനകള്‍ പ്രവാസി മലയാളികളുടെ ജീവിതത്തിനോടും മലയാള നാടിനോടും ഏറെ ചേര്‍ന്നു നില്‍ക്കുന്നുവെന്നും കമ്മറ്റി ചൂണ്ടിക്കാട്ടി. പ്രമുഖ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ കഥകളി പ്രതിഭ തോന്നക്കല്‍ പീതാംബരന്‍, ചരിത്രകാരന്‍ ഡി. ആന്റണി, അമ്പാടി സുരേന്ദ്രന്‍, അഡ്വക്കേറ്റ് കെ.പി. സജിനാഥ്, പി. ഉഷാകുമാരി, കൊല്ലം മധു തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് മാത്യു നെല്ലിക്കുന്ന് സമുചിതമായ മറുപടി പറയുകയും പുരസ്‌കാര യോഗ സംഘാടകര്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്ജ്