ഗീതാമണ്ഡലം വിഷുവും ബാലസുബ്രഹ്മണ്യ പ്രതിഷ്ഠാദിനവും ആഘോഷിച്ചു
Thursday, April 19, 2018 2:03 PM IST
ഷിക്കാഗോ: കൊന്നപ്പൂക്കളുടെ നിറശോഭയില്‍ വടക്കേ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന് നവ്യാനുഭൂതിപകര്‍ന്നുകൊണ്ട് ഗീതാമണ്ഡലം അതിവിപുലമായി വിഷുവും ബാലസുബ്രമണ്യ പ്രതിഷ്ഠാദിനവും ആഘോഷിച്ചു.

അതിരാവിലെ ചിന്നജിയാര്‍ പാഠശാലയില്‍നിന്നുള്ള യജുര്‍വേദഗണപാഡികള്‍ ബ്രഹ്മശ്രീ രാമാചാര്യദീക്ഷിതാലുവിന്റേയും, മൈസൂര്‍ മഹാരാജാപാഠശാലയില്‍ നിന്നും ആഗമ ശാസ്ത്രപണ്ഡിതനുമായ ലക്ഷ്മിനാരായണ ശാസ്ത്രികളുടെ യുംനേതൃത്വത്തില്‍ നടന്ന ഗണപതിഹോമത്തോടെയാണ് ഈവര്‍ഷത്തെ വിഷുപൂജകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു ഷിക്കാഗോയിലെ സുബ്രഹ്മണ്യഭക്തരുടെ നീണ്ടനാളത്തെ പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിയിലേക്ക് എത്തിച്ചുകൊണ്ട് ഗീതാമണ്ഡലം തറവാട്ട് ക്ഷേത്രത്തില്‍ ജലാധിവാസവും, ധാന്യാധിവാസവും, ഫലാധിവാസവും നടത്തിയശേഷം, ബാലസുബ്രമണ്യ സ്വാമിയ്ക്കും, ശ്രീകൃഷ്ണശിലയില്‍ തീര്‍ത്ത, ഓടകുഴല്‍മീട്ടിനില്‍ക്കുന്ന ഉണ്ണിക്കണ്ണനും, പാലാഭിഷേകവും, പഞ്ചാമൃതഭിഷേകവും, പനീര്‍അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും നടത്തി.

ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രംലഭിക്കുന്ന പ്രതിഷ്ഠാചടങ്ങ്, ഋഗ്‌യെജുര്‍വേദ പണ്ഡിതരായ ശിവരാമകൃഷ്ണ ബാലസുബ്രമണ്യ അയ്യരുടെയും, രാജയുടെയും, രാജേഷ് അയ്യരുടെയും സുബ്രമണ്യ സൂക്തങ്ങളുടെയും, രുദ്രചമകങ്ങളുടെയും, സുബ്രമണ്യമന്ത്രങ്ങളുടെയും, കവചത്തിന്റെയും നടുവില്‍, ബ്രഹ്മശ്രീ രാമാചാര്യ ദീക്ഷിതാലു നടത്തി, അലങ്കാരവും, പുഷ്പാഭിഷേകവും നടത്തിയശേഷം ത്രിഷ്ടി അര്‍ച്ചനയും നടത്തി.

അതിനുശേഷം അമേരിക്കയില്‍ ആദ്യമായി, നാരായണീയ ആചാര്യന്‍ബ്രഹ്മശ്രീ ആഞ്ഞം തിരുമേനിയുടെ ശിഷ്യനായ സുനില്‍ നമ്പീശന്റെ നേതൃത്വത്തില്‍ നടന്ന ശ്രീനാരായണീയ യജ്ഞംകൃഷ്ണഭക്തരുടെയും മനസ്സില്‍പരമാനന്ദം പകര്‍ന്ന് നല്‍കി. തുടര്‍ന്ന വൈദീകപണ്ഡിതര്‍നടത്തിയ നാരായണ, പുരുഷസൂക്തങ്ങള്‍ മുഴങ്ങിയ ശുഭവേളയില്‍ ഭക്തജനങ്ങള്‍ക്ക് കണ്ണിനും കാതിനുംസുകൃതം പകര്‍ന്നുകൊണ്ട് ഓട്ടുപാത്രത്തില്‍ പരമ്പരാഗതരീതിയില്‍ നാട്ടില്‍നിന്നുംവരുത്തിയ കണിക്കൊന്നയുടെ ഭംഗിയില്‍ ഒരുക്കിയ കണി, നടതുറന്ന് ഭഗവാനെ കണികാണിച്ചശേഷം, ഭക്തര്‍ക്ക് കണിദര്‍ശനം നല്‍കി. ഷിക്കാഗോയിലെ വിഷുചരിത്രത്തില്‍ ആദ്യമായിആണ് ഇത്രയുംവിപുലമായ രീതിയില്‍ ഒരു വിഷുപൂജയും, വിഷുകണിയും ഒരുക്കുന്നത്.

തറവാട്ടിലെ മുതിര്‍ന്ന തറവാട്ടമ്മയായ കമലാക്ഷി കൃഷ്ണന്‍ വിഷു ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിഷുകൈനീട്ടം നല്‍കി അനുഗ്രഹിച്ചു. പിന്നീട് ഷിക്കാഗോയിലെ അനുഗ്രഹീത കലാകാരന്മാരായ അനുശ്രീ, ദേവതീര്‍ത്ഥ, ബിന്ദു എന്നിവരുടെയും ഗാനങ്ങളും, അഭിലിന്റെ തബലവാദ്യവും, അഭിനന്ദയുടെ അതിമനോഹരമായ വയലിന്‍കച്ചേരിയും നടന്നു.

പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും സെക്രട്ടറി ബൈജു എസ്. മേനോന്‍ പ്രത്യേകം നന്ദി അറിയിച്ചു. ഗീതാമണ്ഡലം മെയ് 20 നു നടത്തുന്ന കെ.എസ് ചിത്രയുടെയും ശരത്തിന്റെയും സംഗീതവിരുന്നിനു എല്ലാ മലയാളികളുടെയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി ട്രഷറര്‍ സജിപിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം