ഗായത്രി വിജയകുമാറിന് ഐസിഎസിഐ നടനകലാ പുരസ്‌കാരം
Tuesday, March 20, 2018 12:56 PM IST
ടൊറോന്റോ : ഇന്‍ഡോ കനേഡിയന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഇനീഷിയെറ്റിവ് (ഐസിഎസിഐ) നല്‍കുന്ന ആറാമതു വിമന്‍ ഹീറോ കമ്യൂണിറ്റി അവാര്‍ഡിനു മലയാളി നര്‍ത്തകിയും നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഗായത്രി വിജയകുമാര്‍ അര്‍ഹയായി. മുന്‍ സെനറ്റര്‍ ആഷാ സേത് , സുഘദീപ് കാങ്, ഉര്‍സ് ഹീര്‍ , പട്രീഷ്യ ഗോണ്‍സാല്‍വസ്, ഹലീമ സാദിയ, ശിവാനി ശര്‍മ്മ ഗുപ്ത, ചിത്രലേഖ പൊടിനിസ്, സിമ്രാന്‍ മാന്‍ എന്നിവരാണ് മറ്റു അവാര്‍ഡ് ജേതാക്കള്‍ .

മലയാളി കമൂണിറ്റിക്ക് വെളിയില്‍ നിന്നും ഇങ്ങനൊരു അവാര്‍ഡ് ലഭിച്ചത് ഗായത്രിയുടെ സാമൂഹ്യ സേവനത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് .നിരവധി തവണ ഓഐഡിഎ (ഒന്റാരിയോ ഡാന്‍സ് ഫെസ്റ്റിവല്‍) സ്പിരിറ്റ്അവാര്‍ഡ് നേടിയിട്ടുള്ള ഗായത്രി കാനഡയിലെ ഒട്ടു മിക്ക മലയാളി അസോസിയേഷനുകളില്‍ നിന്നും പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്‍എസ്എസ് കാനഡ, രാധാകൃഷ്ണ ടെംപിള്‍, സെന്റ് തോമസ് കാത്തലിക് ചര്‍ച്ച്, കന്നഡ സംഘ തുടങ്ങിയ നിരവധി മതസാംസ്‌കാരിക സംഘടനകള്‍ ഗായത്രിയെ അവരുടെ സാമൂഹ്യ പ്രതിബദ്ധതതയും അര്‍പ്പണ ബോധവും കണക്കിലെടുത്ത് ആദരിച്ചിട്ടുണ്ട്.

കൊറിയന്‍, ജാപ്പനീസ്, ശ്രീലങ്കന്‍, തമിഴ്, ഗുജറാത്തി, കന്നഡ, തെലുങ്ക് കമ്യൂണിറ്റികളിലും വിവിധ പരിപാടികളില്‍പങ്കെടുത്ത്അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള ഗായത്രി നിരവധി ഓര്‍ഗനൈസേഷനുകളില്‍ ഔദ്യോഗീക സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

സാര്‍ണിയ, ലണ്ടന്‍, കേംബ്രിഡ്ജ്, ബ്രാംപ്ടണ്‍, സ്‌കാര്‍ബറോ, എന്നിവിടങ്ങളിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന നൂപുര സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്റ്ററുമായ ഗായത്രി, അഞ്ചാം വയസ്സില്‍ നൃത്തവും സംഗീതവും അഭ്യസിച്ചു തുടങ്ങിയതാണ്.

നൂപുര സ്‌കൂള്‍ വഴി നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായും ഫീസിളവ് നല്‍കിയും നൃത്താഭ്യാസത്തിന് അവസരം നല്‍കുന്ന ഗായത്രിയുടെ സാമൂഹ്യ പ്രതിബദ്ധത ശ്ശാഹനീയമാണ്. മാര്‍ച്ച് 24 ശനിയാഴ്ച മിസിസാഗയിലുള്ള റെഡ് റോസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രിമാരുടെയും എംപിമാരുടെയും സാന്നിധ്യത്തില്‍ ഗായത്രി അവാര്‍ഡ് ഏറ്റുവാങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍ഡോ കനേഡിയന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ ഇനീഷിയെറ്റിവ് (ICACI) മാനേജിംഗ് ഡയറക്ടര്‍ മോക്ഷി വിര്‍ക്കുമായി (Mokshi Virk) 416.804.5005 എന്ന നമ്പറില്‍ ബന്ധപ്പെടുക .

റിപ്പോര്‍ട്ട്: ജയ്‌സണ്‍ മാത്യു