അമേരിക്ക മതസൗഹാര്‍ദത്തിന്റെ വിളനിലം: ഹൈദരലി ശിഹാബ് തങ്ങള്‍
Sunday, March 18, 2018 3:50 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷന്‍സ് (NANMMA), മലയാളി മുസ്ലിംസ് ഓഫ് ന്യൂജഴ്‌സി (MMNJ) എന്നീ സംഘടനകള്‍ സംയുക്തമായി കുടുംബ സംഗമം സംഘടിപ്പിച്ചു. മാര്‍ച്ച് 16-നു വെള്ളിയാഴ്ച വൈകീട്ട് ആറിനു ന്യൂജഴ്‌സിയിലെ മാന്‍മോത്ത് ജംഗ്ഷനിലെ എമ്പര്‍ ബാങ്ക്വറ്റ്‌സിലായിരുന്നു സംഗമം. അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു വിശിഷ്ടാതിഥി.

കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സമദ് പൊന്നേരി വിശിഷ്ടാതിഥിയേയും അദ്ദേഹത്തെ അനുഗമിച്ചിരുന്ന എം.കെ. അഷ്‌റഫ്, ഹബീബ് (ബഹ്‌റൈന്‍) എന്നിവരേയും, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രീയ സംഘടനാ ഭേദമില്ലാതെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്തു. കേരളത്തില്‍ മത സൗഹാര്‍ദ്ദം കാത്തു സൂക്ഷിച്ച് മുസ്ലിം സമൂഹത്തിന് ആത്മീയ നേതൃത്വം കൊടുക്കുന്ന പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തിന്റെ പ്രത്യേകതകള്‍ യു.എ.നസീര്‍ വിശദീകരിച്ചു. നന്മയുടെ പ്രവര്‍ത്തനങ്ങളെറിച്ചു ഷഹീന്‍ അബ്ദുല്‍ ജബ്ബാറും (ബോസ്റ്റണ്‍), എംഎംഎന്‍ജെയെക്കുറിച്ചു മുഹമ്മദ് നൗഫലും വിശദീകരിച്ചു.



അമേരിക്കയെക്കുറിച്ചും അമേരിക്കയിലെ ഇന്ത്യാക്കാരെക്കുറിച്ചും അദ്ദേഹത്തിന് ഏറെ മതിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രഭാഷണത്തിലുടനീളം പ്രകടമായിരുന്നു. ഗള്‍ഫിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും യൂറോപ്പിലുമൊക്കെയുള്ള പ്രവാസി മലയാളികളാണ് കൊച്ചു കേരളത്തിന്റെ യഥാര്‍ത്ഥ നട്ടെല്ല്. കേരളത്തെ ഇന്നു കാണുന്ന കേരളമാക്കി മാറ്റിയതില്‍ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും കേരളത്തെ ബാധിക്കും. നാം ജോലി ചെയ്യുന്ന രാജ്യം നമ്മുടെ പോറ്റമ്മയാണ്. പോറ്റമ്മയ്ക്ക് ഹാനികരമായി നാം ഒന്നും ചെയ്യരുത്. ജീവിക്കുന്ന രാഷ്ട്രത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. അത് ഓര്‍ത്താകണം നമ്മള്‍ മുന്നോട്ടു പോകേണ്ടത്. ഇപ്പോള്‍ ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രവര്‍ത്തന മികവും അച്ചടക്കവും ഉള്ളവരാണെന്നത് അഭിമാനാര്‍ഹമാണ്. മതസൗഹാര്‍ദ്ദത്തിന്റെ വിളനിലമാണ് അമേരിക്ക. ഇവിടെ മുസ്ലിം സഹോദരങ്ങള്‍ക്ക് ആരാധനയ്ക്ക് ചര്‍ച്ചുകള്‍ തുറന്നു കൊടുക്കുന്നവരാണ് ഇവിടുത്തെ ക്രിസ്ത്യന്‍ സഹോദരങ്ങള്‍ എന്നറിയാന്‍ കഴിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. അറബ് മേഖലയില്‍ നിന്നും വിഭിന്നമായ പ്രവാസം അനുഭവിക്കുന്നവരാണ് അമേരിക്കന്‍ മലയാളികള്‍. മതസൗഹാര്‍ദ്ദത്തില്‍ അവര്‍ക്ക് അതുല്യമായ മാതൃകയാണ് ഈ നാട് കാണിച്ചു തരുന്നത്. മത സൗഹാര്‍ദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും ഈ സമ്പന്നമായ മാതൃക നമുക്ക് മുന്നോട്ടു കൊണ്ടുപോകാനാകണം. അച്ചടക്കവും ആത്മാര്‍ത്ഥതയും മുറുകെ പിടിച്ച് സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും മത സൗഹാര്‍ദ്ദത്തിന്റേയും സന്ദേശവാഹകരായി ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയട്ടേ എന്നും അദ്ദേഹം ആശംസിച്ചു. ഭാവി തലമുറയെ ഇരുരാഷ്ട്രങ്ങളുടെയും വളര്‍ച്ചക്ക് ക്രിയാത്മകമായി വിനിയോഗിക്കാനാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മലയാളി മുസ്ലിം കുടുംബങ്ങള്‍ കുടുംബ സംഗമത്തെ സമ്പുഷ്ടമാക്കി. അന്‍സാര്‍ കാസിം, റൈനാ ഷാ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കുട്ടികള്‍ക്കായി ഖുര്‍ആന്‍ ക്വിസ് മത്സരവും ഉണ്ടായിരുന്നു. ഷഹീര്‍ ഷായുടെ നന്ദിപ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ