ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യത്തിന് ഭീഷണി: ഹില്ലരി
Friday, March 16, 2018 6:19 PM IST
വാഷിംഗ്ടണ്‍: ലോകത്ത് എല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണു നേരിടുന്നതെന്നും ഇതിൽ നിന്ന് ഒരു മോചനം ആവശ്യമാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹില്ലരി ക്ലിന്‍റണ്‍. മുംബൈയിൽ നടന്ന ഇന്ത്യാ ടുഡെ കോണ്‍ക്ലേവ് സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

ലൈംഗികതക്കെതിരേയും വംശീയതക്കെതിരേയും നടക്കുന്ന പോരാട്ടത്തിൽ ഉൗർജം ഉൾക്കൊള്ളുന്നതിന് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണെന്ന് ഹില്ലറി കൂട്ടിച്ചേർത്തു. അതോടൊപ്പം ജനാധിപത്യം നേരിടുന്ന ഭീഷിണിയും ഇല്ലായ്മ ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഹില്ലറി പറഞ്ഞു. ജനാധിപത്യ അടിവേരുകൾ പിഴുതെറിയുന്നതിന് ഇരു രാജ്യങ്ങളിലും അടിയൊഴുക്കുകൾ ശക്തമാകുകയാണെന്നും അമേരിക്കൻ പ്രസിഡന്‍റിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടു ഹില്ലരി കുറപ്പെടുത്തി.

ഇമിഗ്രന്‍റിനെതിരെ ട്രംപിന്‍റെ പ്രതികരണമാണ് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിനു ജയം നേടി കൊടുത്തതെന്നും ഹില്ലറി പറഞ്ഞു. മുൻ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമി 2016 ഒക്ടോബറിൽ തന്‍റെ പ്രൈവറ്റ് ഇമെയിൽ സെർവറിനെ കുറിച്ചു കോണ്‍ഗ്രസിനു നൽകിയ കത്തു വെളുത്ത വർഗക്കാരായ സ്ത്രീ വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കിയെന്നും ഹില്ലരി പരാതിപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ