ഒക് ലഹോമ വധശിക്ഷക്ക് നൈട്രജൻ ഗ്യാസ് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനം
Friday, March 16, 2018 6:12 PM IST
ഒക് ലഹോമ: വിഷമിശ്രിതം ഉപയോഗിച്ചു നടപ്പാക്കിയ പല വധശിക്ഷകളും വിവാദമായതിനെ തുടർന്നു നൈട്രജൻ ഗ്യാസ് വധശിക്ഷക്ക് ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി മാറുകയാണ് ഒക്ലഹോമ.

മാർച്ച് 14 നാണ് ഇതു സംബന്ധിച്ച തീരുമാനം ഒക്ലഹോമ അധികൃതർ എടുത്തത്. വിഷവാതകം ഉപയോഗിച്ച് എങ്ങനെ വധശിക്ഷ നടപ്പാക്കാം എന്നു രണ്ട് ഏജൻസികൾ സംയുക്തമായി പഠിച്ചു റിപ്പോർട്ടു നൽകുമെന്നു സ്റ്റേറ്റ് അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ, കറക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജൊ ആൽബ എന്നിവർ അറിയിച്ചു.

വിഷമിശ്രിതത്തിന്‍റെ ലഭ്യത കുറവാണ് വിഷവാതകം ഉപയോഗിക്കുന്നതിന് അധികൃതരെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം.

2015 മുതൽ ഒക് ലഹോമയിൽ വധശിക്ഷ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. 2014 ൽ വധശിക്ഷക്കു വിധേയനാക്കാൻ ടേബിളിൽ കിടത്തിയ പ്രതിയുടെ രക്തധമിനികളിലൂടെ തെറ്റായ വിഷമിശ്രിതം കടത്തിവിട്ടതിനെ തുടർന്നു വധശിക്ഷ നടപ്പാക്കാനായിരുന്നില്ല. നൈട്രജൻ ഗ്യാസ് ഉപയോഗിക്കുന്നതോടെ വേദന രഹിതമായ മരണം ലഭിക്കുമെന്നാണു പരീക്ഷണങ്ങൾ തെളിയിക്കുന്നത്.

ഇതിനിടെ അമേരിക്കയിൽ വധശിക്ഷക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രത്യേകിച്ച് വിഷ മിശ്രിതം ഉപയോഗിച്ചു നടത്തുന്ന വധശിക്ഷ ക്രൂരമാണെന്നും ഇക്കൂട്ടർ വാദിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ