ഷാംപ മുക്കർജി ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനത്തേക്ക്
Friday, February 23, 2018 11:24 PM IST
ഹൂസ്റ്റണ്‍: ടെക്സസ് ഹാരിസ് കൗണ്ടി 269 സിവിൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യൻ അമേരിക്കൻ വംശജയും അറ്റോർണിയുമായ ഷാംപ മുക്കർജി മത്സരിക്കുന്നു.

1960 ൽ അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകളാണ് ഷാംപ. നോർത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നു വർഷം കൊണ്ട് ബിരുദ പഠനവും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിൽ നിന്നാണ് നിയമ ബിരുദവും ഷാംപ സ്വന്തമാക്കി.

കൗണ്ടി സിവിൽ കോർട്ടിൽ വിലയേറിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന ഷാംപ പറഞ്ഞു. കോടതിയുടെ അധികാരപരിധിയിൽ താമസിക്കുന്നവർക്ക് അവരുടെ അവകാശങ്ങൾക്ക് മതിയായ സംരക്ഷണം നൽകുവാൻ ജഡ്ജിയെന്ന നിലയിൽ കഴിയുമെന്നും ഇവർ കൂട്ടിച്ചേർത്തു.

സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ, ബെ ഏരിയ ഡമോക്രാറ്റ് നേതാക്കൾ എന്നിവർ ഷാംപക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശവാസികളും ഇന്ത്യൻ വംശജരും ഉൾപ്പെടെയുള്ളവർ ഷാംപിന്‍റെ വിജയത്തിനുവേണ്ടി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

അറ്റോർണിയായ സാം മുഖർജിയാണ് ഭർത്താവ്. ഇവർക്കു മൂന്നു കുട്ടികളുണ്ട്. പത്തുവർഷമായി ഹൂസ്റ്റണിൽ അറ്റോർണിയായി പ്രാക്ടീസ് ചെയ്യുന്ന ഇവർക്ക് മാർച്ച് ആറിനു നടക്കുന്ന പ്രൈമറിയിൽ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.

റിപ്പോർട്ട്: പി.പി. ചെറിയാൻ