തോക്കു നിയന്ത്രണ നിയമം: സമരം ചെയ്താൽ വിദ്യാർഥികളെ പുറത്താക്കുമെന്നു സ്കൂൾ അധികൃതർ
Thursday, February 22, 2018 9:39 PM IST
ഹൂസ്റ്റണ്‍: ഫ്ളോറിഡ സ്കൂളിൽ നടന്ന വെടിവയ്പു സംഭവവുമായി ബന്ധപ്പെട്ടു അമേരിക്കയിൽ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന പ്രതിഷേധ സമരത്തിൽ ക്ലാസുകൾ ബഹിഷ്കരിച്ചു പങ്കെടുക്കുന്ന വിദ്യാർഥികളെ സ്കൂളുകളിൽ നിന്നും സസ്പെൻഡ് ചെയ്യുമെന്ന് നീഡ് വില്ലി ഇൻഡിപെൻഡന്‍റ് സ്കൂൾ വിദ്യാഭ്യാസ ജില്ലാ സൂപ്രണ്ട് മുന്നറിയിപ്പു നൽകി.

ഹൂസ്റ്റണ്‍ ഷുഗർലാന്‍റിൽ (സൗത്ത് വെസ്റ്റ്) സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ ജില്ലയിലെ സൂപ്രണ്ട് കർട്ടിസ് റോഡിസ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സ്കൂൾ സോഷ്യൽ മീഡിയ സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഫ്ളോറിഡ വിദ്യാർഥി സംഘടനകൾ മാർച്ച് 24 ന് വാഷിംഗ്ടണ്‍ ഡിസിയിൽ സംഘടിപ്പിക്കുന്ന മാർച്ചും ഏപ്രിൽ 24 ന് രാജ്യവ്യാപകമായി നടത്തുന്ന സ്കൂൾ ബഹിഷ്ക്കരണം തുടങ്ങിയ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിദ്യാർഥികളെ വിലക്കുക എന്നതാണ് ഇതുവഴി അധികൃതർ ലക്ഷ്യമിടുന്നത്. വിലക്കു ലംഘിച്ചു സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മൂന്നുദിവത്തെ സസ്പെൻഷനാണ് കാത്തിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമരത്തിൽപങ്കെടുക്കുന്നവരുടെ എണ്ണം പ്രശ്നമല്ലെന്നും അച്ചടക്കം പാലിക്കപ്പെടുന്നതു ഉറപ്പു വരുത്തുവാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും സൂപ്രണ്ടിന്‍റെ അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ