ഫാമിലി കോണ്‍ഫ്രറൻസ്: ഇടവക സന്ദർശനങ്ങൾ തുടരുന്നു
Thursday, February 22, 2018 9:36 PM IST
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയെയും താഴ്ന്ന താപനിലയെയും കണക്കിലെടുക്കാതെ പൂർവാധികം ആവേശത്തോടെ ഇടവക സന്ദർശനങ്ങൾ തുടരുന്നു. ഞായറാഴ്ച നാലു ടീമുകളായി തിരിഞ്ഞായിരുന്നു സന്ദർശനങ്ങൾ.

ഫ്രാങ്ക്ളിൻ സ്ക്വയർ സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ നടന്ന ചടങ്ങിൽ ഫാ. സി. കെ. രാജൻ അധ്യക്ഷത വഹിച്ചു. കോണ്‍ഫറൻസ് ട്രഷറർ മാത്യു വർഗീസ്, തോമസ് വർഗീസ്, ജോണ്‍ താമരവേലിൽ, തോമസ് മത്തായി എന്നിവർ സംബന്ധിച്ചു. മാത്യു വർഗീസ് വിവരണം നൽകി. തുടർന്നു റാഫിൾ ടിക്കറ്റും രജിസ്ട്രേഷൻ ഫോമും ഫാ. സി.കെ. രാജനു നൽകി രജിസ്ട്രേഷൻ കിക്ക് ഓഫും റാഫിളിന്‍റെ വിതരണോദ്ഘാടനവും നിർവഹിച്ചു.

ക്വീൻസ് ചെറി ലെയിൻ സെന്‍റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ കോണ്‍ഫറൻസ് ട്രഷറർ മാത്യു വർഗീസ്, ഫിനാൻസ്/സുവനീർ കമ്മിറ്റി ചെയർ എബി കുര്യാക്കോസ്, കമ്മിറ്റി അംഗങ്ങളായ തോമസ് വർഗീസ്, ഫിലിപ്പോസ് സാമുവേൽ റോസ് മേരി, ലിസാ രാജൻ എന്നിവരും റവ. ഡോ. ജോണ്‍സണ്‍ സി. ജോണും സംബന്ധിച്ചു. ഫാ. ഗ്രീഗറി വർഗീസ് വിവരണങ്ങൾ നൽകി.

ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പൽ റവ. ഡോ. ജേക്കബ് കുര്യൻ പ്രസംഗങ്ങൾക്ക് നേതൃത്വം നൽകും. യുവജനങ്ങൾക്കായി ഹൂസ്റ്റണ്‍ സെന്‍റ് സ്റ്റീഫൻസ് വികാരി ഫാ. ജേക്ക് കുര്യൻ നേതൃത്വം നൽകും. ഭദ്രാസനത്തിലെ എല്ലാ ജനങ്ങൾക്കും പങ്കെടുക്കത്തക്ക രീതിയിൽ, രജിസ്ട്രേഷൻ ഫീസ് 400 ഡോളറിൽ താഴെനിർത്തുവാനായി.

കമ്മിറ്റി തീരുമാനിയ്ക്കുകയുണ്ടായി. അതിന്‍റെ വെളിച്ചത്തിൽ ഫണ്ട് ശേഖരണാർഥം കമ്മിറ്റി ഏറ്റെടുത്ത ചുമതലയാണ് ഈ വർഷത്തെ റാഫിൾ. സെന്‍റ് തോമസ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. കെ.കെ. ജോണ്‍ ഏവരേയും സ്വാഗതം ചെയ്തു. യോഹന്നാൻ ശങ്കരത്തിൽ, വർഗീസ് പി. ഐസക്ക് ഇവർ യോഗത്തിൽ സംബന്ധിച്ചു.

രജിസ്ട്രേഷൻ കിക്ക് ഓഫ് യോഹന്നാൻ ശങ്കരത്തിൽ രജിസ്ട്രേഷൻ ഫോം മാണി പ്ലാന്പറന്പിലിന് നൽകി നിർവഹിച്ചു. റാഫിളിന്‍റെ വിതരണോദ്ഘാടനം വർഗീസ് പി. ഐസക്ക് വികാരി ഫാ. കെ. കെ. ജോണിനു നൽകി നിർവഹിച്ചു. ലിൻഡൻ സെന്‍റ് മേരീസ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സണ്ണി ജോസഫ് ആമുഖ വിവരണം നൽകി. സുവനീർ ചീഫ് എഡിറ്റർ ഡോ. റോബിൻ

മാത്യു, ഷൈനി രാജു, ഷിബിൻ കുര്യൻ, നിജി വർഗീസ്, ഡോ. ജോളി തോമസ്, ഇടവക ട്രസ്റ്റി അലക്സ് ജോണ്‍, സെക്രട്ടറി ജയിംസ് നൈനാൻ, കമ്മിറ്റി അംഗം സോഫി വിൽസണ്‍ എന്നിവർ സംബന്ധിച്ചു.

ഡോ. റോബിൻ മാത്യു, ഷൈനി രാജുവും രജിസ്ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. ഡോ. റോബിൻ മാത്യു റാഫിളിന്‍റെ വിതരണോദ്ഘാടനം നിർവഹിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ