ഫാൽക്കണ്‍ ഹെവി റോക്കറ്റ് നിർമാണ സംഘത്തിൽ ഹൂസ്റ്റണ്‍ മലയാളിയും
Tuesday, February 20, 2018 9:48 PM IST
ഹൂസ്റ്റണ്‍: കലിഫോർണിയ ആസ്ഥാനമായ സ്പേസ് എക്സ് എന്ന സ്വകാര്യ കന്പനി വിജയകരമായി വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കണ്‍ ഹെവി യുടെ നിർമാണത്തിൽ ഒരു ഹൂസ്റ്റണ്‍ മലയാളിയുടെ കരസ്പർശം.

അമേരിക്കയിലെ ടെക്സസ് ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ എബ്രഹാം പുഞ്ചത്തലയ്ക്കലിന്‍റെയും കുട്ടിയമ്മയുടെയും മകൻ റ്റിജു എബ്രഹാം എന്ന മുപ്പതുകാരനാണ് അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്.

ഏവിയേഷൻ ടെക്നോളജിയിൽ ഡിപ്ലോമയും യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദവും നേടിയിട്ടുള്ള ഇദ്ദേഹം അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മുൻപരിചയം സ്പേസ് എക്സിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽ കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള അഭിരുചിയും കഠിനപ്രയത്നവും ആണ് റ്റിജുവിനു സ്പേസ് എക്സിൽ എത്താൻ സഹായിച്ചതെന്നു പിതാവ് എബ്രഹാം പുഞ്ചത്തലയ്ക്കൽ പറഞ്ഞു.

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള മനുഷ്യന്‍റെ കുതിപ്പിന് വളരെ നിർണായകമാകുന്ന ഒരു കാൽവയ്പാണ് ഫാൽക്കണ്‍ ഹെവി പരീക്ഷണത്തോടെ സ്പേസ് എക്സ് പൂർത്തിയാക്കിയത്. ഫെബ്രുവരി 6 നു ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്‍ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച രണ്ടു സൈഡ് ബൂസ്റ്റേഴ്സ് തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്പേസ് എക്സ്. ഇനി രണ്ടു പരീക്ഷണങ്ങൾക്കുകൂടി അവ ഉപയോഗിക്കാം. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കന്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ചു പരീക്ഷിക്കുന്നത്.

ഫാൽക്കണ്‍ ഹെവി റോക്കറ്റ് നിർമാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത് ആയതിൽ നമുക്ക് അഭിമാനിക്കാം. അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു അതിർ വരന്പുകളില്ലാതെ സ്വപ്നം കാണാൻ ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.

റിപ്പോർട്ട്: ജീമോൻ റാന്നി