ഇന്ത്യൻ അമേരിക്കൻ കുടുംബത്തിനനുവദിച്ച 21 മില്യണ്‍ നഷ്ടപരിഹാരം റദ്ദു ചെയ്തു
Tuesday, February 20, 2018 12:27 AM IST
മിഷിഗണ്‍: ശസ്ത്രക്രിയയെതുർന്നു ഇന്ത്യൻ അമേരിക്കനായ ബിമൻ നായ്യാർ (81) മരിച്ച സംഭവത്തിൽ ആശുപത്രി 21 മില്യണ്‍ നഷ്ടപരിഹാരം നൽകണമെന്ന സർക്യൂട്ട് കോടതി വിധി മിഷിഗൻ സുപ്രീം കോടതി റദ്ദു ചെയ്തു.

2012 ലാണ് കേസിനാസ്പദമായ സംഭവം. ബിമൻ താടിയെല്ലിലുണ്ടായ പരിക്ക് ചികിത്സിക്കുന്നതിനാണ് ആശുപത്രിയിലെത്തിയത്. തെറ്റായ സ്കാൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തലച്ചോറിലെ രക്തസ്രാവത്തിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്കുശേഷം അബോധാവസ്ഥയിലായ രോഗി 60 ദിവസത്തിനുശേഷം മരിക്കുകയായിരുന്നു.

സംഭവത്തിൽ ആശുപത്രിക്കെതിരെ ഫയൽ ചെയ്ത നഷ്ടപരിഹാര കേസിൽ വയൽ കൗണ്ടി സർക്യൂട്ട് കോർട്ട് ജൂറി ബിമൻ നയ്യാറിന്‍റെ കുടുംബത്തിന് 21 മില്യണ്‍ നൽകാൻ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി ഇത്രയും വലിയ തുക അനുവദിക്കുന്നതു മിഷിഗൻ സംസ്ഥാനത്ത് ആദ്യമായിരുന്നു. വിധിക്കെതിരെ ആശുപത്രി അറ്റോർണി നൽകിയ അപ്പീൽ രണ്ടു തവണ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ ഫെബ്രുവരി 7 ന് പുതിയ വിധി പ്രഖ്യാപിക്കുകയായിരുന്നു.

നയ്യാർ കുടുംബത്തിന് നെഗ്ളിജൻസ് ക്ലെയ്മോ, മെഡിക്കൽ മാൽപ്രാക്ടീസ് ക്ലെയ്മോ ഇല്ലെന്ന് ചീഫ് ജസ്റ്റീസ് മാർക്ക് മാൻ വിധിയെഴുതി.

റിപ്പോർട്ട്: പി.പി. ചെറിയാൻ