മാഗിന്റെ പ്രോഗ്രാം 'ചിത്രശലഭങ്ങള്‍' കിക്കോഫ് നടന്നു
Sunday, February 18, 2018 2:54 PM IST
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) നേതൃത്വത്തില്‍ നടക്കുന്ന 'ചിത്രശലഭങ്ങള്‍' എന്ന പേരിലുള്ള സംഗീതമേളയുടെ കിക്ക്ഓഫ് കേരള ഹൗസില്‍ വച്ചു നടന്നു. മലയാളത്തിന്റെ ഗാനകോകിലമായ കെ.എസ്. ചിത്രയും, ശരത്തും ചേര്‍ന്നു നയിക്കുന്ന സംഗീതമേളയായ 'ചിത്രശലഭങ്ങള്‍' ഏപ്രില്‍ 29നു ഞായറാഴ്ച വൈകുന്നേരം മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളില്‍ അരങ്ങേറുന്നതാണ്.

കേരള ഹൗസിന്റെ പുതുക്കിപ്പണിയുടെ പൂര്‍ത്തീകരണത്തിനുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് ഈ പ്രോഗ്രാം നടത്തുന്നത്. ഇത് വളരെ വിജയകരമാക്കിത്തീര്‍ക്കുന്നതിനു എല്ലാ മലയാളികളും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.മാഗിന്റെ കേരള ഹൗസില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷതവഹിച്ചു.

പിആര്‍ഒ ഡോ. മാത്യു വൈരമണ്‍ എല്ലാവരേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് മെഗാ സ്‌പോണ്‍സറായ ജോണ്‍ ഡബ്ല്യു. വര്‍ഗീസിനു നല്‍കിക്കൊണ്ട് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു കിക്ക്ഓഫ് നിര്‍വഹിച്ചു. ഹൂസ്റ്റണിലെ സംഘടനാ, ബിസിനസ്, മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ധാരാളം മഹനീയ വ്യക്തികളുടെ സാന്നിധ്യത്തില്‍ വച്ചാണ് കിക്ക്ഓഫ് നടന്നത്.ജോഷ്വാ ജോര്‍ജ്, കെന്‍ മാത്യു, മാഗ് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ബേബി മണക്കുന്നേല്‍, മാത്യു മത്തായി, തോമസ് ചെറുകര, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരിക്കല്‍, സെക്രട്ടറി ജോണ്‍ ഡബ്ല്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

നിതില നായര്‍ എം.സിയായി പ്രവര്‍ത്തിച്ചു. ഡോ. മാത്യു വൈരമണിനെ ഷുഗര്‍ലാന്റില്‍ പ്രിസഡിംഗ് ജഡ്ജിയായി നിയമിച്ചകാര്യം ജോഷ്വാ ജോര്‍ജ് പ്രസ്താവിച്ചു. മാഗ് ജോയിന്റ് സെക്രട്ടറി വിനോദ് വാസുദേവന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : മാത്യു വൈരമണ്‍