ഹരിന്ദർ മൽഹി ഒന്‍റാറിയൊ മന്ത്രി സഭയിലെ പ്രഥമ സിക്ക് വനിതാ മന്ത്രി
Saturday, January 20, 2018 12:24 AM IST
ഒന്‍റാറിയോ: കാനഡയിലെ ഒന്‍റാറിയോ സംസ്ഥാന മന്ത്രി സഭയിലേക്ക് ഇന്തോ– കനേഡിയൻ അംഗം ഹരിന്ദർ മൽഹി ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ഒന്‍റാറിയോ പ്രീമിയർ കാതലിൻ വയൻ നടത്തിയ മന്ത്രി സഭാ പുനസംഘടനയിലാണ് നിയമനം.

ബ്രാംപ്ടൻ സ്പ്രിംഗ് ഡെയ് ലിൽ നിന്നുള്ള നിയമ സഭാംഗമാണ് ഹരിന്ദർ മൽഹി. ഇന്തോ കനേഡിയൻ വുമണ്‍ വകുപ്പിന്‍റെ ചുമതലയാണ് മുപ്പത്തെട്ടുകാരിയായി ഹരിന്ദറിന് ലഭിച്ചത്. ഒന്‍റാറിയോ മന്ത്രിസഭയിൽ ആദ്യമായാണ് ഒരു സിക്ക് വനിതക്ക് മന്ത്രിസ്ഥാനം ലഭിക്കുന്നത്.

ഒന്‍റാറിയോ ലിബറൽ പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഹരിന്ദർ കാനഡയിലെ ആദ്യ സിക്ക് എംപിയായിരുന്ന ഗുർബക്സ് സിംഗിന്‍റെ മകളാണ്. സ്റ്റാന്‍റിംഗ് കമ്മിറ്റി സോഷ്യൽ പോളിസി, ഫിനാൻസ് ആൻഡ് ഇക്കണോമിക്ക് അഫയേഴ്സ് അംഗവുമായിരുന്നു. അടുത്ത് നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സിക്ക് വോട്ടുകൾ ലക്ഷ്യമിട്ടാണ് പുതിയ നിയമനമെന്നു കരുതുന്നു.

2014 ൽ നിയമ സഭാംഗമാകുന്നതിന് മുന്പ് പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അംഗമായിരുന്നു. പഞ്ചാബിൽ നിന്നും കുടിയേറിയ മാതാപിതാക്കൾക്ക് കാനഡയിൽ ജനിച്ച മകളാണ് ഹരിന്ദർ.

റിപ്പോർട്ട്: പി.പി. ചെറിയാൻ