യുഎസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Saturday, January 20, 2018 12:00 AM IST
ഹണ്ട്സ് വില്ല (ടെക്സസ്): വധശിക്ഷ നടപ്പാക്കുന്നതിൽ അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടെക്സസിൽ 2018 ലെ ആദ്യ വധശിക്ഷ നടപ്പാക്കി. ജനുവരി 18 ന് വൈകിട്ട് ഹണ്ട്സ് വില്ല ജയിലിലാണ് ആന്‍റണി അലൻ ഫോർ എന്ന 53 കാരന്‍റെ വധശിക്ഷ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കിയത്.

1992 ഏപ്രിൽ 16 ന് വൈകിട്ട് ജോലിക്ക് പോകുകയായിരുന്ന മറിയ ഡെൻ കാർമൽ എസ്ട്രഡയെ (21) കാറിൽ കയറ്റി കൊണ്ടു പോയി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി മൃതദേഹം ഹൂസ്റ്റണ്‍ ഡയറി ക്യൂൻ ഡ്രൈവ് ക്രൂവിൽ ഉപേക്ഷിച്ച കേസിലാണ് ആന്‍റണിക്ക് വധശിക്ഷ ലഭിച്ചത്. കേസ് വിസ്താരത്തിനിടെ ഒന്പത് വയസുള്ള പെണ്‍കുട്ടി ഉൾപ്പെടെ മൂന്നു പെണ്‍കുട്ടികളെ കൂടി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നുവെങ്കിലും മറ്റു മൂന്നു കേസുകൾ കൂടി വിസ്തരിച്ച ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന് പ്രതിയുടെ അറ്റോർണിമാർ വാദിച്ചതിനെ തുടർന്നാണ് ശിക്ഷ ഇത്രയും വൈകിയത്. വധശിക്ഷ നടപ്പാകുന്നതിനു മുന്പു വികാരഭരിതമായി മാപ്പപേക്ഷ നടത്തുന്നതിനു ആന്‍റണി തയാറായി.

വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് പതിമൂന്നു മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അമേരിക്കയിൽ 23 വധശിക്ഷ നടപ്പാക്കിയതിൽ ഏറ്റവും കൂടുതൽ (7) ടെക്സസിലായിരുന്നു. വിഷം കുത്തിവച്ചു നടത്തുന്ന വധശിക്ഷ പ്രാകൃതമാണെന്നും നിർത്തലാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ