ഷെൽട്ടർ തകർന്നുവീണു അരയ്ക്കു താഴെ ചലനശക്തി നഷ്ടപ്പെട്ട നർത്തകിക്ക് 115 ഡോളർ നഷ്ടപരിഹാരം
Thursday, January 18, 2018 12:26 AM IST
ഷിക്കാഗൊ: ഒഹെയർ എയർപോർട്ടിലെ ഷെൽട്ടർ തകർന്നു വീണു അരയ്ക്കു താഴെ ചലനശക്തി നഷ്ടപ്പെട്ട യുവ നർത്തകിക്ക് 115 മില്യണ്‍ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായതായി യുവതിയുടെ അറ്റോർണി അറിയിച്ചു.

സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു കേസിൽ ആദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകുന്നതെന്നും അറ്റോർണി പറഞ്ഞു. ടയർനി ഡാർഡന്‍റെ പരിക്കിന് സിറ്റിയാണ് ഉത്തരവാദിയെന്ന് ഓഗസ്റ്റിൽ ജൂറി വിധിച്ചിരുന്നു. 26 വയസുമാത്രം പ്രായമുള്ള ഡാർഡന്‍റെ തുടർ ജീവിതത്തിന് ആവശ്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നിറവേറ്റുന്നതിന് ഈ തുക പര്യാപ്തമാകുമെന്നാണ് അറ്റോർണി പാട്രിക്ക് സാൽവി പറഞ്ഞത്.

ഒഹെയർ എയർപോർട്ടിന്‍റെ രണ്ടാം ടെർമിനൽ വഴിയിൽ യാത്രക്കാർക്കുള്ള ഷെൽട്ടറിൽ ഡാർഡനും മാതാവും സഹോദരിയുമായി നിൽക്കുന്പോൾ ഷെൽട്ടർ തകർന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അരയ്ക്കു താഴെ ചലനശക്തി നഷ്ടപ്പെടുകയുമായിരുന്നു.

ഷിക്കാഗോ സിറ്റി ഇത്തരത്തിൽ അപകടത്തിൽപെടുന്നവർക്കായി 500 മില്യണ്‍ ഡോളറിന്‍റെ ഇൻഷ്വറൻസ് എടുത്തിരുന്നു. ഡാൻസ് വിദ്യാർഥിയായിരുന്ന ഡാർഡന് സിറ്റിയുടെ 115 മില്യണ്‍ ഡോളറും ഇൻഷ്വറൻസ് തുകയും ഉൾപ്പെടെ 148 മില്യണ്‍ ഡോളറാണ് ലഭിക്കുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ