നാമം എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Wednesday, January 17, 2018 8:39 PM IST
ന്യുജേഴ്സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018 ലെ എക്സലൻസ് അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ മേഖലകളിൽ മികവു തെളിയിച്ച പ്രഗത്ഭരെയാണ് നാമം, എക്സലൻസ് അവാർഡുകൾ നല്കി ആദരിക്കുന്നത്. ന്യൂജേഴ്സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട്സ് പാലസിൽ ഏപ്രിൽ ഏഴിന് നടക്കുന്ന ചടങ്ങിലാണ് പുരസ്കാര ദാനം. തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള അപേക്ഷകൾ സ്വീകരിക്കുമെന്ന് നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവൻ ബി. നായർ, പ്രസിഡന്‍റ് മാലിനി നായർ എന്നിവർ അറിയിച്ചു. പ്രമുഖർ ഉൾപ്പെട്ട ജൂറിയാണ് ജേതാക്കളെ നിർണയിക്കുന്നത്.

അവാർഡിന് അപേക്ഷിക്കാൻ താത്പര്യമുള്ളവരും അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും http://namam.org/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ്. ഫെബ്രുവരി 15 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.

റിപ്പോർട്ട്: വിനീത നായർ