മാവേലി സ്റ്റോർ ഹൃദയത്തിൽ ഏറ്റെടുത്ത് ഹൂസ്റ്റണ്‍ മലയാളികൾ
Wednesday, January 17, 2018 8:29 PM IST
ഹൂസ്റ്റണ്‍: തെല്ലൊരു ഗൃഹാതുരതയോടെയാണ് കഴിഞ്ഞ ശനിയാഴ്ച മാവേലി സ്റ്റോറിൽ പോയത്, കള്ളവും ചതിവും ഇല്ലാതെ മലയാള നാടിനെ നയിച്ച മാവേലി മന്നന്‍റെ നാമത്തിൽ അമേരിക്കയിൽ തന്നെ ആദ്യമായി രൂപം കൊണ്ട മാവേലി സ്റ്റോറിനെ പറ്റിയായിരുന്നു അടുത്ത കാലത്തു ഹൂസ്റ്റണ്‍ മലയാളികൾ ഏറ്റവും ചർച്ച ചെയ്തതും. ചന്ദനത്തിരിയുടെ സുഗന്ധമാണ് എതിരേറ്റത് ,മറ്റു മലയാളിക്കടയിലെ മനം മടുപ്പിക്കുന്ന മീൻ മാംസ ഗന്ധമില്ല, ഒരു നാടൻ പെണ്‍കൊടി ചിരിച്ചുകൊണ്ട് എതിരേറ്റു, ഒരു ചെറിയ വൃത്തിയുള്ള കട ,നാട്ടിലെ മാവേലി സ്റ്റോറിന്‍റെ പ്രതീതി. അവിശ്വസീനമായ വിലക്കുറവും. മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട പ്രശസ്ത ബ്രാൻഡിന്‍റെ തേങ്ങാപ്പീരക്കു വെറും ഒരു ഡോളർ തൊണ്ണൂറ്റിയെട്ടു സെന്‍റ് മാത്രം. ഇരുപതും മുപ്പതും പായ്ക്കറ്റ് കാർട്ടിലേക്കു വാരിയിടുന്ന ഭാര്യയോട് ഭർത്താവു ചോദിക്കുന്നത് കേട്ടു എന്തിനാ ഇത്രയും ?””മറ്റു കടകളിൽ രണ്ടു തൊണ്ണൂറ്റൊന്പതാ മനുഷ്യാ”പുള്ളിക്കാരിയുടെ മറുപടി കേട്ടപ്പോൾ ,മലയാളി വീട്ടമ്മമാർ എല്ലാ സാധങ്ങളുടെയും വില മനസിലാക്കിയിരിക്കുന്നല്ലോ എന്ന കൗതുകം ഉള്ളിലുദിച്ചു.

പ്രവർത്തന ചിലവും ലാഭവും കുറച്ചു കൂടുതൽ വിൽക്കുക എന്ന അന്തസുറ്റ വ്യാപാര തന്ത്രമാണ് “മാവേലി സ്റ്റോറിന്‍റെ മുദ്രാവാക്യം എന്ന് സംരഭകർ വ്യക്തമാക്കി. അവിടെ പരിചയപ്പെട്ട ഒരു മലയാളി സുഹൃത്തിനോട് വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു “വിശാലമായ മലയാളി കടകൾ ആവശ്യമോ ?” അദ്ദേഹത്തിന്‍റെ മറുപടി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു .

എന്നെ സംബന്ധിച്ചു കടയുടെ വിശാലതയോ ഭംഗിയോയോ ഒരു പ്രശ്നമല്ല ഇവിടെ ചുവന്ന സവോള 59 സെന്‍റിനും പൂവൻ പഴം 65 സെന്‍റിനും ലഭിക്കുന്നു. 12 ഡോളർ തൊണ്ണൂറ്റി എട്ടു സെന്‍റിനും പത്തു കിലോ പാലക്കാടൻ മട്ട അരി കിട്ടിയാൽ ഞാൻ വേറെയൊന്നും നോക്കില്ല.” ഒരു ശരാശരി മലയാളി മനസ് ഞാൻ അവിടെ കണ്ടു.

വെറും 39 ഡോളറിനു ഷോപ്പിംഗ് കാർട്ട് നിറയെ സാധനങ്ങളുമായി തിരികെ പ്പോരുന്പോൾ തൃപ്പൂണിത്തുറ മാവേലി സ്റ്റോറിൽ നിന്നും പലചരക്കു സാധനം വാങ്ങിച്ചു പോകും പോലെ ഒരു ഗ്രഹാതുരത്വം!! ഹൂസ്റ്റണ്‍ മലയാളികൾക്ക് എന്നും ഓണമാഘോഷിക്കാൻ ഒരു “മാവേലി സ്റ്റോർ” കൈയെത്തും ദൂരത്തുണ്ട് എന്ന പ്രതീക്ഷയോടെ ഞാൻ വീട്ടിലേക്കു വാഹനമോടിച്ചു.