മത്തായി ചാക്കോ ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർ
Wednesday, January 17, 2018 8:28 PM IST
ന്യൂയോർക്ക് : ലയണ്‍സ് ക്ലബ് ഇന്‍റർനാഷണൽ ഡിസ്ട്രിക്ട് (ന്യൂയോർക്ക്) ഗവർണർ ആയി തെരഞ്ഞെടുക്കപ്പെട്ട മത്തായി ചാക്കോ, ഈ പദവിയിൽ എത്തുന്ന ആദ്യത്തെ അമേരിക്കൻ മലയാളി ആണ്. ന്യൂയോർക്കിലെ 39 ക്ലബുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് 20 R 1 ന്‍റെ ഈ വർഷത്തെ ചീഫ് എക്സിക്യൂട്ടീവ് ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ ഡിസ്ട്രിക്ട് കണ്‍വൻഷൻ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി .

സേവന രംഗത്ത് നാല്പതിൽ പരം വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന മത്തായി കഴിഞ്ഞ പതിനാലു വർഷമായി ലയണ്‍സ് ക്ലബിലും സജീവമാണ്. അമേരിക്കൻ മലയാളികളുടെ സേവനങ്ങൾ ലോക്കൽ കമ്യൂണിറ്റികൾക്കും കൂടി പ്രയോജനപ്പെടുത്തണമെന്നുള്ള ആഗ്രഹം ആണ് ഈ രംഗത്ത് പ്രവർത്തിക്കാനുള്ള പ്രചോദനം നൽകുന്നത്. ഡിസ്ട്രിക്ട് ഗവർണർ ആയി തെരഞ്ഞെടുക്കുന്നതിന് മുന്പ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, സോണ്‍ ചെയർമാൻ, റീജണ്‍ ചെയർമാൻ, വൈസ് ഡിസ്ട്രിക്ട് ഗവർണർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തന്‍റെ സേവനങ്ങളെ മാനിച്ച് ലയണ്‍സ് ക്ലബിന്‍റെ ഉന്നത ബഹുമതി ആയ മെൽവിൻ ജോണ്‍സ് ഫെലോ, ഇന്‍റർനാഷണൽ പ്രസിഡന്‍റ് സർട്ടിഫിക്കറ്റ്, റോക്ലാൻഡ് കൗണ്ടി ഗവണ്‍മെന്‍റിന്‍റെ സർട്ടിഫിക്കറ്റ് ഓഫ് അച്ചീവ്മെന്‍റ് അവാർഡും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

ആരോഗ്യ രംഗത്ത് നാൽപ്പതിൽ പരം വർഷങ്ങളായി പ്രവർത്തിച്ചിരുന്നു. സെന്‍റ് ജോസഫ് മെഡിക്കൽ സെന്‍റർ യോങ്കേഴ്സ് ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ, രമപോ ഓർത്തോപീഡിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങി പല പ്രധാന തസ്തികകൾ വഹിച്ചിട്ടുണ്ട് . അമേരിക്കയിലെ ആദ്യത്തെ മലയാളി ട്രാവൽ ഏജൻസിയായ സുമ ട്രാവെൽസ് ന്യൂയോർക്കിന്‍റെ സ്ഥാപക വൈസ് പ്രസിഡന്‍റ് ആയിരുന്നു

ഏഷ്യൻ അമേരിക്കൻസ് ഓഫ് റോക്ലാൻഡ് (AMOR) ട്രഷറർ , ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (F.I.A) ബോർഡ് മെംബർ , ഹഡ്സണ്‍ വാലി മലയാളി അസോസിയേഷൻ (HVMA) പ്രസിഡന്‍റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, ഫൊക്കാന തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു മജീഷ്യൻ കുടി ആയ അദ്ദേഹം ഫൊക്കാന കണ്‍വൻഷൻ തുടങ്ങി പല സ്റ്റേജുകളിൽ മാജിക് ഷോ പ്രോഗ്രാം അവതരിപ്പിച്ചട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം