ഹിജാബ് മുറിക്കാൻ ശ്രമിച്ചുവെന്ന വിദ്യാർഥിനി; പരാതി വ്യാജമെന്ന് പോലീസ്
Wednesday, January 17, 2018 8:26 PM IST
ടൊറന്േ‍റാ: ഹിജാബ് കത്രിക ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചുവെന്ന വിദ്യാർഥിനിയുടെ പരാതിയിൽ കഴന്പില്ലെന്ന് പോലീസ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ടൊറന്േ‍റാ പോലീസ് വക്താവ് മാർക്ക് പുഗാഷിനെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. വിദ്യാർഥിനി പറഞ്ഞ സാഹചര്യ തെളിവുകൾ ചേർത്തുവച്ചതിൽ നിന്നും തങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത് അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് - പോലീസ് വ്യക്തമാക്കി.

പോളിൻ ജോണ്‍സൻ ജൂണിയർ പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ഖുലഹ് നൊമാനാണ് തന്‍റെ ഹിജാബ് മുറിക്കാൻ പിന്നിൽ നിന്നും വന്ന ആരോ ഒരാൾ ശ്രമിച്ചുവെന്ന് പരാതി നൽകിയത്.

രാവിലെ സ്കൂളിലേക്ക് പോകുന്പോൾ യുവാവ് രണ്ടു തവണ ഹിജാബിൽ പിടിച്ചു വലിക്കുകയും മുറിച്ചു മാറ്റുവാൻ ശ്രമിക്കുകയും ചെയ്തെന്നു പതിനൊന്നുകാരിയായ ഖുലഹ് പോലീസിന് മൊഴി നൽകിയത്. വളരെ ഭയപ്പെട്ടുവെന്നും എന്താണ് സംഭവിക്കുന്നത് എന്നു മനസിലായില്ലെന്നും ഖുലഹ് പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു.

ഇളയ സഹോദരനായ മൊഹമ്മദ് സകാരിയയോടൊപ്പം സ്കൂളിലേക്ക് പോകുന്പോൾ ആരോ പിന്നിൽ നിന്നും ഹിജാബിൽ വലിക്കുന്നതായി അനുഭവപ്പെടുകയും സഹോദരൻ ആണ് എന്നു കരുതുകയും ചെയ്തു. വീണ്ടും ആവർത്തിച്ചപ്പോൾ തിരിഞ്ഞുനോക്കി. തൽക്കാലം പി·ാറിയ അക്രമി അൽപ സമയത്തിനുശേഷം വീണ്ടും ഹിജാബ് മുറിക്കുവാൻ ശ്രമം നടത്തിയെന്ന് വിദ്യാർഥിനി പറഞ്ഞു. സഹോദരൻ ഇതിനു സാക്ഷി ആണെന്നും ഖുലഹ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുട്ടികൾ പ്രതികരിച്ചപ്പോൾ അക്രമി ചിരിച്ചു കൊണ്ട് ഓടി മറയുക ആയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും സ്കൂൾ അധികൃതരുടെയും സമീപ വാസികളുടെയും മൊഴിയെടുക്കയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് ഖുലഹ് നൽകിയ മൊഴിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ മൊഴിയും പരാതിയും പോലീസ് റദ്ദു ചെയ്തു.

സംഭവത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർ ഖേദം പ്രകടിപ്പിച്ചിരുന്നു.

റിപ്പോർട്ട്: ജയ്ശങ്കർ പിള്ളെ