ഗുർബീർ സിംഗ് ഗ്രെവാൾ ന്യൂജേഴ്സി അറ്റോർണി ജനറൽ
Tuesday, January 16, 2018 11:38 PM IST
ന്യൂജേഴ്സി: സംസ്ഥാന ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട ഫിൽ മർഫി ഭരണകൂടത്തിലെ കാബിനറ്റ് പദവികളിലൊന്നായ സ്റ്റേറ്റ് അറ്റോർണി ജനറലായി ഇന്ത്യൻ വംശജനും സിക്ക് സമുദായാംഗവുമായ ഗുർബീർ സിംഗ് ഗ്രെവാളിനെ നാമനിർദ്ദേശം ചെയ്തു. ബർഗൻ കൗണ്ടി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചുവരവേയാണ് പുതിയ നിയമവം. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ സൗത്ത് ഏഷ്യൻ വംശജനും സിക്ക് സമുദായാംഗവുമാണ് നാല്പത്തിനാലുകാരനായ ഗുർബീർ സിംഗ് ഗ്രെവാൾ.

ആരോഗ്യസംരക്ഷണം, സമ്മതിദാനം, പരിസരമലിനീകരണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ തത്വദീക്ഷയില്ലാതെ ട്രംപ് ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ ആക്രമണത്തെ ചെറുക്കുന്നതിന് ഗുർബീർ സിംഗ് ഗ്രെവാൾ ശക്തമായ നേതൃത്വം സംസ്ഥാനത്തിനു നൽകുമെന്ന് നിയുക്ത ഗവർണർ ഫിൽ മർഫി പ്രത്യാശ പ്രകടിപ്പിച്ചു. സമാന ചിന്താഗതിയുള്ള സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുമായി സഹകരിച്ച്, വാഷിംഗ്ടണ്‍ ഡിസിയിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടി പുറപ്പെടുവിക്കുന്ന ജനദ്രോഹ നയപരിപാടികൾ എതിർത്ത് പരാജയപ്പെടുത്തുവാൻ കോടതിയെ സമീപിക്കുന്നതിന് അറ്റോർണി ജനറൽ മുൻകൈ എടുക്കുമെന്നും മർഫി കൂട്ടിചേർത്തു.

പ്രസിഡന്‍റ് ട്രംപ് ദിനംതോറും ജനങ്ങൾക്കു നേരെ അഴിച്ചുവിടുന്ന നിർദ്ദയമായ നയപരിപാടികളെ സുധീരം എതിർത്ത് പരാജയപ്പെടുത്തുവാൻ കാര്യപ്രാപ്തിയുള്ള ഒരു അറ്റോർണി ജനറലാണ് നമുക്കു വേണ്ടതെന്നും ഫെഡറൽ, കൗണ്ടി തലത്തിൽ പ്രോസിക്യൂട്ടറായി തിളക്കമാർന്ന പ്രവർത്തനമികവു കാഴ്ചവച്ച ഗ്രെവാളിൽ തനിക്കു പൂർണ വിശ്വാസമാണുള്ളതെന്നും നിയുക്ത ഗവർണർ പറഞ്ഞു.

അമേരിക്കൻ സ്വപ്നം ന്യൂജേഴ്സിയിൽ സാക്ഷാത്കരിക്കപ്പെടുകയും യാഥാർഥ്യമാവുകയും ചെയ്യുന്നുവെന്നായിരുന്നു നിയമനത്തെക്കുറിച്ച് ഗുർബീർ സിംഗ് ഗ്രെവാളിന്‍റെ പ്രതികരണം. അറ്റോർണി ജനറൽ ന്യൂജേഴ്സി സംസ്ഥാനത്തെ സുപ്രധാനമായ ഒരു ഉന്നതാധികാര പദവിയായാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്തിന്‍റെ അത്യുന്നത പോലീസ് മേധാവി, ചീഫ് അറ്റോർണി എന്നീ സ്ഥാനങ്ങളാണ് അറ്റോർണി ജനറൽ വഹിക്കുന്നത്. സ്റ്റേറ്റ് പോലീസ്, സിവിൾ റൈറ്റ്സ് എൻഫോഴ്സ്മെന്‍റ്, കണ്‍സ്യൂമർ അഫയേഴ്സ്, സിവിൾ ലിറ്റിഗേഷൻ എന്നിവയുൾപ്പെടുന്ന, 7200 ജീവനക്കാരുടെ ചുമതല വഹിക്കുന്ന ഡിപ്പാർട്ടുമെന്‍റ് ഓഫ് ലോ ആൻഡ് പബ്ലിക്ക് സേഫ്റ്റി അറ്റോർണി ജനറലിന്‍റെ കീഴിലാണ്.

ന്യൂജേഴ്സിയിലെ ഗ്ലെൻ റോക്കിലാണ് താമസം. ഭാര്യ അമിറിത്ത്, മക്കൾ കൃപ, മേഹക്, മേയ്ഹർ.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ