അരിസോണയിൽ മണ്ഡല വ്രതാരംഭത്തിന് ഭക്തിസാന്ദ്രമായ തുടക്കം
Wednesday, November 22, 2017 1:22 PM IST
അരിസോണ: വൃശ്ചിക പിറവിയോടെ ആരംഭിക്കുന്ന മണ്ഡലകാല വ്രതാരംഭത്തിന് അരിസോണയിൽ ഭക്തിസാന്ദ്രമായ തുടക്കം. സ്വാമിപാദംതേടി അരിസോണയിലെ അയ്യപ്പഭക്തർക്ക് ഇനി 41 ദിവസക്കാലം വൃതാനുഷ്ടാനത്തിന്‍റെയും ശരണമന്ത്രജപത്തിന്‍റെയും നാളുകൾ.

മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് നവംബർ 19ന് ഭാരതീയ ഏകത മന്ദിറിൽ അയ്യപ്പ മണ്ഡല പൂജ നടത്തി. തന്ത്രി സുദർശന്‍റെ മുഖ്യ കാർമികത്വത്തിൽ ആചാരവിധി പ്രകാരം നടന്ന പൂജാദികർമങ്ങളിൽ അരിസോണയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു.

ഗണപതി പൂജ, അയ്യപ്പ സങ്കൽപം, മാലയിടീൽ, അലങ്കാരം, പതിനെട്ടു പടിപൂജ, പടിപ്പാട്ട്, ദീപാരാധന, ഹരിവരാസനം, അന്നദാനം എന്നിവയുടെ പൂർണതയോടെയാണ് അയ്യപ്പപൂജ കൊണ്ടാടിയത്. അയ്യപ്പ പൂജയോടനുബന്ധിച്ചു ദിലീപ് പിള്ള, വിജേഷ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പഭജനയിൽ നിരവധി ഭക്തജനങ്ങൾ ഭാഗഭാക്കായി.

മണ്ഡലകാല പൂജയോടനുബദ്ധമായി ഡിസംബർ 16 ന് (ശനി) വൈകുന്നേരം അഞ്ചു മുതൽ ശ്രീ വെങ്കടകൃഷ്ണ ക്ഷേത്ര സന്നിധിയിൽ അയ്യപ്പ മണ്ഡല മഹാപൂജ നടത്തുന്നു. പൂജയോടനുബന്ധിച്ചു വിവിധ അഭിഷേകങ്ങൾ, പതിനെട്ടു പടിപൂജ, അന്നദാനം, പ്രസദമൂട്ടു, ദീപാരാധന, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, അയ്യപ്പഭജന എന്നിവയുണ്ടാകും.

വിവരങ്ങൾക്ക്: ഡോ.ഹരികുമാർ കളീക്കൽ : 480 381 5786, സുരേഷ് നായർ 623 455 1533, ജോലാൽ കരുണാകരൻ 623 332 1105, രാജേഷ് ബാബാ 602 317 3082.

റിപ്പോർട്ട്: മനു നായർ