ഐഎന്‍എഐ നഴ്സ് പ്രാക്ടീഷണർ വാരാഘോഷവും ഫാർമക്കോളജി സെമിനാറും നടത്തി
Saturday, November 18, 2017 4:10 AM IST
ഷിക്കാഗോ: ഇന്ത്യൻ നഴ്സുമാരുടെ ഇല്ലിനോയിലുള്ള പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി ( ഐഎന്‍എഐ ) നഴ്സുമാർക്ക് കാലോചിതവും പ്രയോജനകരവുമായ അനേകം പരിപാടികൾ നടത്തിവരുന്നു. നഴ്സിംഗ് രംഗത്തെ അനന്തസാധ്യകളിൽ പ്രാതിനിധ്യം കണ്ടെത്തുന്നതിൽ ഇന്ത്യൻ നഴ്സുമാർ ഏറെ മുന്നിലായിക്കഴിഞ്ഞിരിക്കുന്നു. നഴ്സ് പ്രാക്ടീഷണർ വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ നഴ്സ് പ്രാക്ടീഷണർമാർക്കും ഐഎന്‍എഐ ആശംസകൾ അർപ്പിച്ചു. ഇതോടനുബന്ധിച്ച് വിവിധ രംഗങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന എല്ലാ നഴ്സുമാർക്കുമായി ഒരു ഫാർമക്കോളജി സെമിനാറും സംഘടിപ്പിച്ചു.

നവംബർ 11-നു സ്കോക്കിയിലുള്ള ഹോളിഡേ ഇന്നിൽ നടന്ന ആഘോഷങ്ങളും സെമിനാറും അസോസിയേഷൻ പ്രസിഡന്‍റ് ബീന വള്ളിക്കളം ഉദ്ഘാടനം ചെയ്തു. നഴ്സുമാർക്ക് എഡ്യൂക്കേഷൻ, പ്രാക്ടീസ്, ലീഡർഷിപ്പ് രംഗങ്ങളിൽ മാർഗനിർദേശങ്ങൾ, ആരോഗ്യരംഗത്തെ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ്, വിദഗ്ധരുമായി ആശയവിനിമയത്തിനുള്ള അവസരങ്ങൾ, തൊഴിൽരംഗത്തെ സാധ്യതകൾ, സമൂഹത്തിന് ഉപകാരപ്രദമായ സെമിനാറുകൾ, ഹെൽത്ത് ഫെയർ എന്നിവയെല്ലാം ലഭ്യമാക്കാൻ എന്നും ഈ സംഘടന നിലകൊണ്ടിട്ടുണ്ട്. ഈ സംഘടനയിലെ അംഗത്വം എല്ലാ നഴ്സുമാർക്കും അഭിമാനാർഹമായ ഒരു കാര്യമാണെന്നും പ്രസിഡന്‍റ് പറഞ്ഞു. എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ റെജീന സേവ്യർ (എക്സി. വൈസ് പ്രസിഡന്‍റ്), റാണി കാപ്പൻ (വൈസ് പ്രസിഡന്‍റ്), സുനീന ചാക്കോ (സെക്രട്ടറി), ലിസി പീറ്റേഴ്സ് (ട്രഷറർ), ഡോ. സിമി ജെസ്റ്റോ ജോസഫ് (എ.പി.എൻ ഫോറം ചെയർപേഴ്സണ്‍), ഡോ. ബിനോയ് ജോർജ് (കോണ്‍ഫറൻസ് കോ- ചെയർപേഴ്സണ്‍) എന്നിവരും ഉദ്ഘാടന വേദിയിൽ സന്നിഹിതരായിരുന്നു.

അതാത് മേഖലകളിൽ പ്രാവീണ്യംതെളിയിച്ച പരിചയ സന്പന്നരായ ഡോക്ടർമാരും നഴ്സ് പ്രാക്ടീഷണർമാരും വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകൾ എടുത്തു. ഡോ. ലൂക്ക് കാൾസ്ട്രോം, ഡോ. സന്ധ്യ സത്യകുമാർ, ഡോ. മാർഗരറ്റ് കിപ്റ്റ, ഡോ ബിനോയ് ജോർജ്, ക്രിസ് റോസ് വടകര, ഡോ. സിമി ജോസഫ്, ആൻ ലൂക്കോസ്, ഷാറി മാത്യു എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്.

കോണ്‍ഫറൻസിന്‍റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സിമി ജോസഫ്, ഡോ. ബിനോയ് ജോർജ് എന്നിവരേയും, ഓണ്‍ലൈൻ രജിസ്ട്രേഷൻ വിജയകരമാക്കാൻ പരിശ്രമിച്ച സുനു തോമസിനേയും അസോസിയേഷൻ പ്രത്യേകം ആദരിച്ചു. നഴ്സ് പ്രാക്ടീഷണർമാർക്കുള്ള അവസരങ്ങളെക്കുറിച്ചും, തുടർപഠന സാധ്യതകളെക്കുറിച്ചും ഡോ. സിമി സംസാരിച്ചു. സെക്രട്ടറി സുനീന ചാക്കോ ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു. ഷിജി അലക്സ് ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം