വിദ്യാലയങ്ങളിൽ നിന്നും എലികളെ തുരത്താൻ ന്യൂയോർക്ക് സിറ്റി വകയിരുത്തിയത് നാലു മില്യണ്‍ ഡോളർ
Monday, October 16, 2017 4:29 AM IST
ന്യൂയോർക്ക് : മൻഹാട്ടൻ, ബ്രൂക്ക് ലിൻ, ബ്രോണ്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്ള 133 പബ്ലിക് സ്കൂളുകളിൽ എലി ശല്യം വർധിച്ച സാഹചര്യത്തിൽ ഇവയെ തുരത്തുന്നതിന് നാല് മില്യണ്‍ ഡോളർ വകയിരുത്തിയതായി ഡി. ബ്ലാസിയൊ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഈ വർഷാരംഭത്തിൽ ലോവർ ഈസ്റ്റ് സൈഡ്, ഈസ്റ്റ് വില്ലേജ്, മൻഹാട്ടൻ ചൈൻ ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിൽ നിന്നും കാഫ്റ്റീരിയകളിൽ നിന്നും എലിശല്യം 70 ശതമാനം ഒഴിവാക്കുന്നതിന് 32 മില്യണ്‍ ഡോളറിന്‍റെ പദ്ധതിയാണ് ആസൂത്രണം ചെയ്തിരുന്നത്.

എലികൾക്ക് സ്വാദിഷ്ടമായ ആഹാരപദാർഥങ്ങൾ ട്രാഷ് സ്റ്റോറേജുകളിൽ നിന്നും, ട്രാഷ് ബാഗുകളിൽ നിന്നും ലഭിക്കാതിരിക്കുന്നതിന് വിപുലമായ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു ഇവയെല്ലാം നീക്കം ചെയ്യുക എന്നതാണ് സിറ്റിയുടെ ഉത്തരവാദിത്വമെന്ന് ഡി ബ്ലാസിയൊയെ ഉദ്ധരിച്ച് ഒലിവിയ പറഞ്ഞു. പുതിയതായി 16,188 ട്രാഷ്കാനകൾ സ്കൂൾ പരിസരത്ത് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കുന്പോൾ എലികളെ അകറ്റി നിർത്തുന്നതിനുള്ള ഗൈഡ് ലൈൻസ് കാര്യക്ഷമമായി നടപ്പാക്കുന്നതിനും സിറ്റി നിർദേശം നൽകും.

റിപ്പോർട്ട്: പി. പി. ചെറിയാൻ