ഗ്ലാഡ്സണ്‍ വർഗീസിന് ലീഡർഷിപ്പ് അവാർഡ്
Friday, September 22, 2017 2:06 AM IST
ഷിക്കാഗോ: വിദേശ ഇന്ത്യക്കാരുടെ ഗ്ലോബൽ സംഘനടയായ ഗോപിയോ (ഗ്ലോബൽ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ) റോസ്മോണ്ട് ഹൈറ്റ് ഹോട്ടലിന്‍റെ ഗ്രാന്‍റ് ബാൾ റൂമിൽ വച്ചു നടന്ന ബിസിനസ് കോണ്‍ഫറൻസിലും ആനുവൽ ഗാലയിലും വച്ചു അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകൾക്ക് നേതൃത്വം നൽകുന്ന ഗ്ലാഡ്സണ്‍ വർഗീസിന്, ഗോപിയോ എന്ന സംഘടനയുടെ വളർച്ചയ്ക്കും, നേതൃത്വത്തിനും നൽകിയ വലിയ സംഭാവനകൾക്ക് യു.എസ്. കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി ലീഡർഷിപ്പ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. കോണ്‍ഗ്രസ്മാന്‍റെ അവാർഡ് ദാന പ്രസംഗത്തിൽ ഗോപിയോയുടെ വളർച്ചയേയും, പ്രവർത്തനങ്ങളേയും പ്രശംസിക്കുകയും തന്‍റെ സുഹൃത്തായ ഗ്ലാഡ്സണ്‍ വർഗീസിന് ലീഡർഷിപ്പ് അവാർഡ് നൽകുന്നതിലുള്ള അതിയായ സന്തോഷം അറിയിക്കുകയും ചെയ്തു.

അമേരിക്കയിലെ വിവിധ കോർപറേഷൻ സിഇഒമാർ, കോണ്‍സുലർ ഓഫ് ഇന്ത്യ, ഇന്ത്യൻ- അമേരിക്കൻ വ്യവസായ പ്രമുഖർ, അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കയിലെ പ്രശസ്ത എൻജീനീയറിംഗ് കോളജായ പെർഡ്യൂ യൂണിവേഴ്സിറ്റിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിംഗിൽ ബുരുദാനന്തര ബിരുദവും, അതേ യൂണിവേഴ്സിറ്റിയിൽ നിന്നു ഓപ്പറേഷൻസ് മാനേജ്മെന്‍റിൽ എംബിഎ ബിരുദവും നേടിയ ഗ്ലാഡ്സണ്‍ വെസ്റ്റിംഗ് ഹൗസ് കോർപറേഷൻ ഡിവിഷണൽ ഡയറക്ടറാണ്. ഇല്ലിനോയിസ് ഗവർണർ പാറ്റ് ക്യൂൻ 2013-ൽ ഗ്ലാഡ്സണെ ഇല്ലിനോയിസ് സ്ട്രക്ചറൽ എൻജിനീയറിംഗ് ബോർഡ് കമ്മീഷണർ ആയി നിയമിച്ചിരുന്നു.

മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക പ്രസിഡന്‍റ്, ഫോമ ജനറൽ സെക്രട്ടറി, ഐഎൻഒസി ഷിക്കാഗോ പ്രസിഡന്‍റ്, എക്യൂമെനിക്കൽ കൗണ്‍സിൽ ഓഫ് ഷിക്കാഗോ സെക്രട്ടറി, ഇൻഡോ അമേരിക്കൻ ഡമോക്രാറ്റിക് ഓർഗനൈസേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം