റവ.ഫാ. ജോയി ജോണിന് ഉൗഷ്മള യാത്രയയപ്പ്
Wednesday, September 20, 2017 2:16 AM IST
ഫിലാഡൽഫിയ: സമർപ്പിതമായ വൈദീക ശുശ്രൂഷയുടെ എട്ടുവർഷം വിജയകരമായി പൂർത്തീകരിച്ച് ന്യൂയോർക്കിലെ ഇടവക ശുശ്രൂഷയിലേക്ക് സ്ഥലംമാറിപ്പോകുന്ന റവ.ഫാ. ജോയി ജോണിന് ഫിലാഡൽഫിയ സെന്‍റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. എട്ടുനോന്പാചരണത്തിന്‍റെ സമാപനമായ സെപ്റ്റംബർ പത്താംതീയതി വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. സീനിയർ വൈദീകനായ റവ.ഫാ. ജോസ് ദാനിയേൽ പയറ്റേലിന്‍റെ മഹനീയ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.

ഉത്തത ദീർഘവീക്ഷണവും, ഇച്ഛാശക്തിയും, അതിരില്ലാത്ത പ്രവർത്തന സന്നദ്ധതയും കൈമുതലായുള്ള റവ.ഫാ. ജോയി ജോണിന്‍റെ നേതൃത്വം ഇടവകയുടെ സന്പൂർണ്ണമായ ആത്മീയ - ഭൗതീക വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ആശംസാ പ്രാസംഗീകർ ചൂണ്ടിക്കാട്ടി. ഇടവകയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും ആദ്ധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളക്കും നൽകിയ നേതൃത്വം മഹനീയമാണ്. അച്ചന്‍റെ വൈദീക ശുശ്രൂഷാ കാലത്ത് ഇടവക കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തപ്പെടാൻ ഭാഗ്യമുണ്ടായി. സാധുജന സംരക്ഷണ രംഗത്ത് അനേകം പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞു. നാളിതുവരെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള മുഴുവൻ ഇടവകകളുടേയും സന്പൂർണ്ണ വളർച്ചയ്ക്ക് ആരംഭം കുറിക്കുവാൻ കഴിഞ്ഞിട്ടുള്ള അച്ചന്‍റെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തുവാൻ ഭദ്രാസനത്തിലെ ഇടവകകൾക്ക് കഴിയട്ടെ എന്നും ഏവരും ആശംസിച്ചു.

സെക്രട്ടറി സരിൻ ചെറിയാൻ കുരുവിള അവതാരകനായിരുന്നു. ലിസി ജോർജ് (സെന്‍റ് മേരീസ് വിമൻസ് ലീഗ്), ആൻമേരി ഇടിച്ചാണ്ടി (യൂത്ത് അസോസിയേഷൻ), ഷാന ജോഷ്വാ (സണ്‍ഡേ സ്കൂൾ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകയുടെ സ്നേഹോപഹാരം ഫാ. ജോസ് ദാനിയേലും കമ്മിറ്റിയംഗങ്ങളും ചേർന്ന് അച്ചന് സമ്മാനിച്ചു. നാളിതുവരെ ഇടവക കൂട്ടായി നൽകിയ എല്ലാ സഹകരണങ്ങൾക്കും ഐക്യ പ്രവർത്തനങ്ങൾക്കും തന്‍റെ മറുപടി പ്രസംഗത്തിൽ അച്ചൻ നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ മാത്യൂസ് മഞ്ച കൃതജ്ഞത രേഖപ്പെടുത്തി. സ്നേഹവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്. സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിന്‍റെ പുതിയ വികാരിയായി റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി നിയമിതനായി. ഇടവകയ്ക്കുവേണ്ടി സരിൻ ചെറിയാൻ കുരുവിള അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം