നായർ ബനവലന്‍റ് അസോസിയേഷൻ ഓണം വിപുലമായി ആഘോഷിച്ചു
Sunday, September 17, 2017 1:56 AM IST
ന്യൂയോർക്ക്: നായർ ബനവലന്‍റ്റ് അസോസിയേഷൻ, സെപ്റ്റംബർ 10 ഞായറാഴ്ച്ച രാവിലെ പതിനൊന്നു മുതൽ ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ്സിന്‍റെ ഓഡിറ്റോറിയത്തിൽ വെച്ച് ഓണം കെങ്കേമമായി ആഘോഷിച്ചു. ഓഡിറ്റോറിയത്തിനു പുറത്ത് കലാ സതീഷിന്‍റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. അസോസിയേഷന്‍റെ പ്രഥമ വനിതയായ ശ്രീമതി സുശീലാമ്മ പിള്ള ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടെയും അകന്പടിയോടെ മഹാബലിയെ വരവേറ്റ് വേദിയിലേക്ക് ആനയിച്ചു. മഹാബലിയുടെ സവിധത്തിൽ നയന മനോഹരമായ തിരുവാതിര അരങ്ങേറി. മഹാബലിയായി രംഗത്തെത്തിയത് അപ്പുക്കുട്ടൻ പിള്ളയായിരുന്നു.

ജനറൽ സെക്രട്ടറി സേതുമാധവൻ ആമുഖപ്രസംഗം ചെയ്യുകയും പ്രസിഡന്‍റിനെ വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പ്രസിഡൻറ് കോമളൻ പിള്ള സ്വാഗതം ആശംസിക്കുകയും ഓണത്തിന്‍റെ മംഗളങ്ങൾ നേരുകയും ചെയ്തു. തുടർന്ന് ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സണ്‍ വനജ നായർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥികളിലൊരാളായ ഇന്ത്യൻ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോണ്‍സുൽ ദേവദാസൻ നായർ തന്‍റെ പ്രസംഗത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യമായി വരുകയാണെങ്കിൽ എല്ലാവിധ സഹായ വാഗ്ദാനവും നൽകിക്കൊണ്ടാണ് തന്‍റെ സന്ദേശം അറിയിച്ചത്. ദേവദാസൻ നായരെ സദസിനു പരിചയപ്പെടുത്തിയത് വിമൻസ് ഫോറം ചെയർപേഴ്സണ്‍ ഡോ. സ്മിതാ പിള്ളയാണ്.

എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്‍റ് എം.എൻ.സി.നായർ ഏവർക്കും ഓണാശംസകൾ നേരുകയും 2018 ഓഗസ്റ്റ് 10,11,12 തിയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന നായർ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. നായർ ബനവലന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് കോമളൻ പിള്ളയിൽ നിന്ന് ആദ്യത്തെ രജിസ്ട്രേഷൻ കൈപ്പറ്റിക്കൊണ്ട് നായർ സംഗമം 2018-ലേക്കുള്ള രജിസ്ട്രേഷൻ ഒൗപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഷിക്കാഗോയിൽ നടക്കുന്ന കണ്‍വൻഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള നാല്പതിലധികം കുടുംബാംഗങ്ങളെ എൻഎസ്എസ്. ഓഫ് എൻഎ വൈസ് പ്രസിഡന്‍റ് ഗോപിനാഥ് കുറുപ്പ് സദസിന് പരിചയപ്പെടുത്തി.

പ്രശസ്ത അനസ്തീഷ്യയോളോജിസ്റ്റും എ.കെ.എം.ജിയുടെ സജീവ പ്രവർത്തകനുമായ ഡോ. ധീരജ് കമലം മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഡോ. ധീരജിനെ പരിചയപ്പെടുത്തിയത് ജോയിൻറ് സെക്രട്ടറി രാം ദാസ് കൊച്ചുപറന്പിൽ ആണ്.



ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ, എറണാകുളത്തുള്ള വേദാന്ത സ്കൂളിന്‍റെ ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഹൈന്ദവ സംസ്കാരത്തെക്കുറിച്ചും സനാതന ധർമ്മത്തിന്‍റെ പ്രസക്തിയെക്കുറിച്ചും വാചാലനായി. അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തിയത് വൈസ് പ്രസിഡന്‍റ് ജനാർദനൻ തോപ്പിൽ ആണ്.

കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കായി മുൻ പ്രസിഡന്‍റ് ശോഭാ കറുവക്കാട്ടിന് പ്രസിഡന്‍റ് കരുണാകരൻ പിള്ള ഫലകം നൽകി ആദരിച്ചു. അതുപോലെ ഡിട്രോയിറ്റിൽ വച്ച് നടന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക കണ്‍വൻഷനിൽ കലാപരമായ വൈദഗ്ധ്യം കാഴ്ച്ച വെച്ച ദിവ്യാ നായർക്കും ഫലകം നൽകി അനുമോദിച്ചു. സുരേന്ദ്രൻ നായരുടെയും ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ കൂടിയായ വനജ നായരുടെയും പുത്രിയാണ് ദിവ്യ.

വിഭവസമൃദ്ധമായ ഓണ സദ്യക്കുശേഷം വേദിയിൽ കലാ സതീഷിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. രേവതി നായർ, ആര്യ നായർ, ഹെന്ന നായർ, ദേവിക നായർ, അനുഷ്ക ബാഹുലേയൻ, നമ്രതാ വിവേക്, ബീന മേനോൻ, മഞ്ജു സുരേഷ്, വത്സമ്മ തോപ്പിൽ, റെയ്ന ജെയിൻ, ദിവ്യ നായർ, ദേവിക അനിൽകുമാർ, റീന, ജെസ്ലിൻ കാവുള്ളി, ആഷിത, ഉൗർമ്മിള നായർ, ഗായത്രി നായർ, പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി, സംഗീത, പ്രിയ, ബിന്ദു മേനോൻ, ശ്രീജ മുരളി, രേഖ ഹരി, ആശാ അനീഷ്, ലക്ഷ്മി, അഭിരാമി സുരേഷ്, നന്ദിനി തോപ്പിൽ തുടങ്ങിയവർ വിവിധ നൃത്തനൃത്യങ്ങൾ രംഗത്ത് അവതരിപ്പിച്ചു. കലാ സതീഷും രേവതി നായരുമാണ് കുട്ടികളെ നൃത്ത നൃത്യങ്ങൾ അഭ്യസിപ്പിച്ചത്. കൊച്ചു കുട്ടികളുടെ നൃത്തം സദസിനെ വിസ്മയിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.

അജിത് നായർ, പ്രഭാകരൻ നായർ, രാംദാസ് കൊച്ചുപറന്പിൽ, അനുഷ്ക ബാഹുലേയൻ എന്നിവർ ഗാനങ്ങൾ ആലപിച്ചപ്പോൾ ട്രഷറർ കൂടിയായ രഘുവരൻ നായർ ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾക്ക് മിഴിവേകി.

വിമൻസ് ഫോറം പ്രസിഡന്‍റ് ഡോ. സ്മിതാ പിളള കോറിയോഗ്രാഫ് ചെയ്ത പതിന്നാലു എൻബിഎ ദന്പതിമാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫാഷൻ പരേഡ് വേറിട്ടൊരു അനുഭവം ആകുകയും കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ശോഭാ കറുവക്കാട്ട് എം.സി.യായി പ്രവർത്തിച്ചു. വൈസ് പ്രസിഡന്‍റ് ജനാർദനൻ തോപ്പിലിന്‍റെ കൃതജ്ഞതാ പ്രസംഗത്തോടെ ആഘോഷങ്ങൾക്ക് തിരശീല വീണു.

റിപ്പോർട്ട്: ജയപ്രകാശ് നായർ