മനീഷ സിംഗിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ നിയമനം
Wednesday, September 13, 2017 10:10 AM IST
വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ലോയർ മനീഷ സംഗിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ സുപ്രധാന ചുമതല നൽകി നിയമിച്ചതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

അലാസ്കയിൽ നിന്നുള്ള സെനറ്റർ ഡാൻബുള്ളിവാന്‍റെ ചീഫ് കൗണ്‍സിൽ ആൻഡ് സീനിയർ പോളിസി അഡ്വൈസറായി പ്രവർത്തിക്കുന്ന ഫ്ളോറിഡയിൽ നിന്നുള്ള മനീഷ, ഇക്കണോമിക്സ് അഫയേഴ്സ് അസിസ്റ്റ് സെക്രട്ടറി റിവിക്കിൻ രാജിവച്ച ഒഴിവിലാണ് നിയമിതയായത്. സെനറ്റിന്‍റെ അംഗീകാരം ലഭിക്കുന്നതോടെ മനീഷ പുതിയ തസ്തിക ഏറ്റെടുക്കും.

ട്രംപ് ചുമതലയേറ്റ ജനുവരിയിലാണ് റിവിക്കിൻ രാജിവച്ചത്. അന്നു മുതൽ ഈ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് മയാമിയിൽ നിന്നും പത്തൊന്പതാം വയസിൽ ബിരുദം നേടിയ മനീഷ അമേരിക്കൻ യൂണിവേഴ്സിറ്റി വാഷിംഗ്ടണ്‍ കോളജ് ഓഫ് ലോ യിൽ നിന്നും എൽഎൽഎം ഡിഗ്രിയും കരസ്ഥമാക്കി.

ഉത്തരപ്രദേശിൽ നിന്നും മാതാപിതാക്കളോടൊപ്പമാണ് മനീഷ ഫ്ളോറിഡയിൽ എത്തിയത്. സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ ഫോറിൻ റിലേഷൻസ് കൗണ്‍സിൽ അംഗം എന്ന നിലയിൽ പ്രവർത്തിക്കുന്ന മനീഷയുടെ പുതിയ സ്ഥാനലബ്ദി ഇന്ത്യൻ സമൂഹത്തിന് ലഭിച്ച വലിയ അംഗീകാരമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ