ഫിലഡൽഫിയ ജർമ്മൻ ടൗണ്‍ പള്ളിയിൽ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Wednesday, September 13, 2017 10:04 AM IST
ഫിലഡൽഫിയ: ആവേമരിയ’ സ്തോത്രഗീതങ്ങളുടെയും ജപമാല യർപ്പണത്തിന്‍റെയും ദൈവസ്തുതിപ്പുകളുടെയും ഹെയ്ൽ മേരി’ മന്ത്രധ്വനികളുടെയും ആത്മീയ പരിവേഷം നിറഞ്ഞുനിന്ന സ്വർഗീയ സമാനമായ അന്തരീക്ഷത്തിൽ ജർമ്മൻ ടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ വേളാങ്കണ്ണി ആരോഗ്യമാതാവിന്‍റെ തിരുനാൾ ഭക്തിനിർഭരമായി.

തമിഴരും തെലുങ്കരും കന്നടക്കാരും ഹിന്ദിക്കാരും മലയാളികളും ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ക്രൈസ്തവസമൂഹങ്ങളും ഹിന്ദുക്കളും ഉൾപ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും ആരോഗ്യമാതാവിന്‍റെ തിരുസ്വരൂപം വണങ്ങി ആത്മനിർവൃതിയടഞ്ഞു.

സെപ്റ്റംബർ ഒന്പതിന് വൈകുന്നേരം നാലു മുതൽ നടന്ന തിരുക്കർമങ്ങൾക്ക് ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപത മുൻ വികാരിജനറാളൂം മുൻമതബോധനഡയറക്ടറും എംഎസ്റ്റി സഭയുടെ അമേരിക്കയിലെ ഡയറക്ടറുമായ ഫാ. ആന്‍റണി തുണ്ടത്തിൽ നേതൃത്വം നൽകി. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിൻ, സീറോ മലബാർ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ന്യൂയോർക്ക് ലോംഗ് ഐലൻഡ് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം, സെന്‍റ് ജോണ്‍ ന്യൂമാൻ ക്നാനായ മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ, ഹെർഷി മെഡിക്കൽ സെന്‍റർ ചാപ്ലെയിനും സെന്‍റ് ജോവാൻ ഓഫ് ആർക്ക് പാരീഷിലെ റസിഡന്‍റ് പാസ്റ്ററുമായ ഫാ. ഡിജോ തോമസ് എംഎസ്എഫ്എസ് എന്നിവർ സഹകാർമികത്വം വഹിച്ചു. ഫാ. ജോണ്‍ മേലേപ്പുറം തിരുനാൾ സന്ദേശം നൽകി. ഇംഗ്ലീഷ്, മലയാളം, സ്പാനീഷ്, ജർമ്മൻ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ നടന്ന ജപമാല പ്രാർഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ അകന്പടിയോടെ വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചു നടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും രോഗികൾക്കും സൗഖ്യദായകമായി.

സീറോ മലബാർ ഇടവകയിലെ സെന്‍റ് മേരീസ് വാർഡു കൂട്ടായ്മ നേതൃത്വം നൽകിയ തിരുനാൾ ഇന്ത്യൻ ക്രൈസ്തവ വിശ്വാസ പാരന്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും മരിയൻ ഭക്തിയുടെയും അത്യപൂർവമായ കൂടിവരവിന്‍റെ മകുടോദാഹരണമായിì.

സീറോ മലബാർ ഇടവകവികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാര·ാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയിൽ, സെന്‍റ് മേരീസ് വാർഡ് പ്രസിഡന്‍റ് ജയിംസ് കുരുവിള, തിരു നാൾ കോഓർഡിനേറ്റർ ജോസ് തോമസ് തുടങ്ങിയവർ തിരുനാളിന്‍റെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ