നോർത്ത് ടെക്സസ് ഫുഡ് ബാങ്കിന് ഒരുലക്ഷം ഡോളർ ഇന്ത്യൻ ദന്പതിമാർ സംഭാവന നൽകി
Wednesday, August 23, 2017 8:00 AM IST
നോർത്ത് ടെക്സസ്: ഇന്ത്യോ- അമേരിക്കൻ കൗണ്‍സിൽ ഉപാധ്യക്ഷനായ രാജ് ജി. അസാവായും ഭാര്യ അന്നയും ചേർന്ന് ഒരു ലക്ഷം ഡോളർ നോർത്ത് ടെക്സസ് ഫുഡ് ബാങ്കിനു സംഭാവന നൽകിയതായി എൻടിഎഫ്ബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ടെക്സസിലെ പതിമൂന്ന് കൗണ്ടികളിലായി ആയിരക്കണക്കിനു പാവങ്ങൾക്ക് ആഹാരം നൽകുന്ന പദ്ധതിയിലേക്ക് സംഭാവന നൽകിയ ഇന്ത്യോ അമേരിക്കൻ ദന്പതിമാരോടു ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്നും പത്രകുറിപ്പിൽ തുടർന്ന് പറയുന്നു.

ടെലിവിഷൻ ചാനലിലൂടേയും മാധ്യമങ്ങളിലൂടേയും പ്രചരണങ്ങൾ സംഘടിപ്പിച്ചു കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുവാൻ ഇന്ത്യോ അമേരിക്കൻ കൗണ്‍സിലിന്േ‍റയും എൻടിഎഫ്ബിയുടേയും സംയുക്താഭിമുഖ്യത്തിൽ ശ്രമിക്കുമെന്ന് അന്ന അസാവ പറഞ്ഞു. ഒരോ വർഷവും ഒരുമില്യണ്‍ മീൽസ് വിതരണം ചെയ്യുമെന്നും ഇവർ അറിയിച്ചു. ഫുഡ് ബാങ്ക് പ്രസിഡന്‍റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ത്രിഷ കുന്നിംഗ് ഹാം ദന്പതിമാരുടെ മാതൃകാപരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. 2025 ആകുന്നതോടെ 92 മില്യണ്‍ പേർക്ക് ആഹാരം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ത്രിഷ പറഞ്ഞു.

ഫുഡ് ബാങ്കിന്‍റെ സ്ഥിതി വിവര കണക്കുകൾക്കനുസരിച്ചു ഇന്ത്യൻ സമൂഹത്തിന്‍റെ വളർച്ചാ നിരക്ക് അതിവേഗത്തിലാണെന്നും ഇപ്പോൾ 200,000 പേർ ഈ റീജിയണിലുണ്ടെന്നും ചൂണ്ടികാണിക്കുന്നു. ഉദാരമതികളായവർ സംഘടനയെ സഹായിക്കുവാൻ മുന്നോട്ടുവരണമെന്നും ഇവർ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ