ഐപിസിഎൻഎയുടെ ഷിക്കാഗോ സമ്മേളനത്തിന് ലാനയുടെ വിജയാശംസകൾ
Wednesday, August 23, 2017 7:58 AM IST
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിന് മലയാളി സാഹിത്യകാരന്മാരുടെ സമന്വയ സംഘടനയായ ലാന എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

അമേരിക്കയിൽ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പ്രാണവായുവാണ് മാധ്യമങ്ങൾ. അവർ തുറന്നു കൊടുത്ത വഴിയിലൂടെ ഭാഷാ സാഹിത്യ പ്രവർത്തകർക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. വിവിധ ദൃശ്യ-ശ്രവണ മാധ്യമങ്ങൾ നിരന്തരം നൽകിയിട്ടുള്ള സഹായവും പ്രോത്സാഹനവും ലാന ആദരവോടെ സ്മരിക്കുന്നു. ആദ്യകാല മാധ്യമങ്ങളായ ചലനം, തറവാട്, പ്രഭാതം, അശ്വമേധം തുടങ്ങിയ മാധ്യമങ്ങൾ എഴുത്തകാർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു, യശസശരീരനായ ചാക്കോ ശങ്കരത്തിൽ 1986 മുതൽ പ്രസിദ്ധീകരിച്ചിരുന്ന രജനി മാസിക പത്തുവർഷത്തിലേറെ നടത്തിയ ത്യഗോജ്വസമായ സാഹിത്യസേവനം ശ്ലാഘനീയമാണ്.

ഇന്നു നിലവിലുള്ള മാധ്യമങ്ങളും ആദ്യകാല മാധ്യമങ്ങളെപ്പോലെ തന്നെ ഭാഷാ സാഹിത്യ പ്രവർത്തകർക്ക് പ്രോത്സാഹനം നൽകി വരുന്നു. ലാന അവരോടുള്ള കടപ്പാട് ഹൃദയപൂർവം രേഖപ്പെടുത്തുന്നു. അമേരിക്കയിലെ മലയാളമാധ്യമ പ്രവർത്തകരും സാഹിത്യകാര·ാരും സമാന സ്വഭാവക്കാരാണ്. വീക്ഷണത്തിലും ലക്ഷ്യത്തിലും രണ്ടുകൂട്ടരും ലാഭം ലക്ഷ്യമാക്കുന്നില്ല. അവരുടെ മൂലധനം ത്യാഗം മാത്രമാണ്. മലയാളത്തിന്‍റെ നിലനിൽപാണ് അവരുടെ നേട്ടം.

പരസ്പര ധാരണയോടും സഹകരണത്തോടുംകൂടി ഐപിസിഎൻഎയും ലാനയും ഒന്നിച്ചു പ്രവർത്തിക്കേണ്ടത് ഇരുകൂട്ടരുടെയും വിജയത്തിനാവശ്യമാണ്. ഈ സന്ദർഭത്തിൽ ഐപിസിഎൻഎയുടെ ഷിക്കാഗോ സമ്മേളനത്തിന് സർവവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.