ന്യൂസ് മേക്കർ ഓഫ് ദി ഇയർ: ലവ്‌ലി വർഗീസിനെ പ്രസ്ക്ലബ് ആദരിക്കും
Tuesday, August 22, 2017 7:22 AM IST
ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ ഈവർഷത്തെ ഏറ്റവും വലിയ ന്യൂസ് മേക്കർമാരിൽ ഒരാളായ ലവ്‌ലി വർഗീസിനെ പ്രസ്ക്ലബ് നാഷണൽ കണ്‍വൻഷനിൽ ആദരിക്കും. പുത്രവിയോഗത്തിൽ തളർന്നു പോകുന്നതിനു പകരം വീറുറ്റ പോരാട്ടത്തിലൂടെ നീതി നടപ്പാക്കിയെടുത്ത ലവ്‌ലി വർഗീസിന്‍റെ പ്രവർത്തനം ആരിലും ആവേശമുണർത്തുന്നതാണ്.

അധികാരവും പണവും കയ്യാളുന്നവർക്കെതിരേ ദുർബലയായ ഒരു സ്ത്രീ നടത്തിയ ഒറ്റയാൾ പോരാട്ടം വിജയം കണ്ടത് ചരിത്രം കുറിക്കുന്നതായിരുന്നു. ആ പോരാട്ടത്തെ നിസാരവത്കരിക്കാനും അപഹസിക്കാനും വരെ മുതിർന്നവർ ധാരാളം. എങ്കിലും ലക്ഷ്യബോധത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ അവർ തയാറായില്ല.

പോലീസും ഗ്രാന്‍റ് ജൂറിയും കേസില്ലെന്നു പറഞ്ഞ് അവസാനിപ്പിച്ച പുത്രൻ പ്രവീണ്‍ വർഗീസിന്‍റെ മരണം വീണ്ടും അന്വേഷിപ്പിക്കാനും കൊലക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനും നടത്തിയ പോരാട്ടം ഐതിഹാസികമായിരുന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ഒരമ്മയുടെ പോരാട്ടത്തിൽ പങ്കുചേർന്നു. ഈ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷിക്കാഗോയുടെ പ്രാന്ത പ്രദേശമായ ഇറ്റാസ്കയിലേ ഹോളിഡേ ഇന്നിലാണ് പ്രസ്ക്ലബ് കണ്‍വൻഷൻ.