സ്വാമി ഉദിത് ചൈതന്യ ന്യൂയോർക്കിൽ
Tuesday, August 22, 2017 7:15 AM IST
ന്യൂയോർക്ക്: ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ 'ദൃക് ദൃശ്യ വിവേകം’'യജ്ഞത്തിന് തുടക്കമായി. ക്യൂൻസ് ബ്രാഡോക്ക് അവന്യൂൽ സ്ഥിതി ചെയ്യുന്ന നായർ ബെനവലന്‍റ് അസോസിയേഷൻ ആസ്ഥാനത് പ്രൗഢ ഗംഭീര ചടങ്ങുകൾക്ക് തിരി തെളിഞ്ഞു. താലപ്പൊലിയുടെയും ചെണ്ട വാദ്യത്തിന്‍റെയും നാമജപത്തിന്‍റെയും അകന്പടിയോടെ ഭാഗവത ആചാര്യൻ സ്വാമി ഉദിത് ചൈതന്യയെ വേദിയിലേക്ക് സ്വാഗതം ചെയ്തു.

'ദൃക് ദൃശ്യ വിവേകം' വേദാന്ത ശാഖ്യയിൽ പ്രസിദ്ധമായ പ്രകരണങ്ങളിൽ ഒന്നാണ്. ആദി ശങ്കരാചാര്യർ രചിച്ച ഈ പ്രൗഢ ഗ്രന്ധം ഉപനിഷത്തുകൾ സാധാരണക്കാരന് വേദ്യമാക്കാൻ ഉള്ള വഴി ആണെന്ന് സ്വാമിജി ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിലെ പ്രശ്നങ്ങളിലെ ധീരതയോടെ നേരിടാനുള്ള ആത്മധൈര്യം നമ്മളിൽ ഓരോരുത്തരിലും അന്തർലീനമാണെന്നും അതിനായി സ്വന്തം ചിന്തകളെ വിശകലനം ചെയ്യാനും നേർവഴിക്ക് നയിക്കുവാനും നമ്മൾ ഓരോരുത്തർക്കും സാധിക്കണം. ആചാര്യ·ാരിൽ നിന്ന് വിശിഷ്ട ഗ്രന്ധങ്ങൾ കേൾക്കുകയും സാധനയിലൂടെ സ്വയം പരിവർത്തനം ചെയ്യുകയുമാണ് നമ്മുടെ ധർമ്മമെന്നു സ്വാമിജി കൂട്ടിച്ചേർത്തു.

സുപ്രസിദ്ധ ഗായിക അനിത കൃഷ്ണയുടെ സംഗീത കച്ചേരി കർണാനന്ദകരമായി. കൃഷ്ണ പ്രയാഗ, സന്ദീപ് അയ്യർ, രംഗശ്രീ റാംജി എന്നിവർ പക്കവാദ്യത്തിൽ ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.

പരിപാടികൾക്ക് ഉണ്ണികൃഷ്ണൻ തന്പി, റാം പോറ്റി, ഗോപിനാഥ് കുറുപ്പ്, കുന്നപ്പള്ളിൽ രാജഗോപാലനം ജയപ്രകാശ് നായർ, ജി കെ നായർ, രഘുനാഥൻ നായർ, ബാഹുലേയൻ രാഘവൻ, സതീഷ് കാലത്ത്, രഘുവരൻ നായർ, വനജാ നായർ, നിഷ പിള്ള, താമര രാജീവ്, താര സായി, വാസന്തി രാജ്മോഹൻ, ചിത്രജ ചന്ദ്രമോഹൻ എന്നിവർ നേതൃത്വം നൽകി.

ഓഗസ്റ്റ് 20 മുതൽ 26 വരെയാണ് വേദാന്ത യജ്ഞം നടത്തുന്നത്. കുട്ടികൾക്ക് വേണ്ടി എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 6 വരെ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. 6 മുതൽ 6.30 വരെ ചോദ്യോത്തരവേള. തുടർന്ന് 8.30 വരെ സ്വാമിജി പൊതു പ്രഭാഷണം നടത്തും. ജാതിമതഭേദമെന്യേ ഏവർക്കും സ്വാഗതമെന്ന് സംഘാടകർ അറിയിച്ചു.