ഇന്ത്യൻ അമേരിക്കൻ നാസാ ഗവേഷകയ്ക്കെതിരെ വംശീയാധിക്ഷേപം
Friday, July 21, 2017 4:33 AM IST
കാലിഫോർണിയ: കാലിഫോർണിയായിലെ നാസാ ഫീൽഡ് സെന്‍ററായ നാസാ ഏംസ് റിസർച്ച് സെന്‍ററിലെ ഇന്ത്യൻ അമേരിക്കൻ ഗവേഷക സിംറാൻ ജിത് ഗ്രെവാളിനെതിരെ (26) വംശീയാധിക്ഷേപം നടന്നതായി സ്റ്റാനിസലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്‍റിൽ പരാതി നൽകി. സംഭവത്തിന്‍റെ നടുക്കത്തിൽനിന്നും ഇവർ ഇതുവരെ മോചിതരായിട്ടില്ല.

ജൂലൈ 18ന് വീട്ടിൽനിന്നും ജോലിക്ക് കാറിൽ പോകുന്നതിനിടയിലാണ് അജ്ഞാതനായ ഒരാൾ ഇവരുടെ കാറിനുനേരെ കല്ല് കല്ലെറിഞ്ഞതിനെത്തുടർന്ന് കാറിന്‍റെ മുൻവശത്തെ ചില്ല് തകരുകയും ഗ്രെവാളിന്‍റെ ഇടുപ്പെല്ലിന് പരിക്കേൽക്കുകയും ചെയ്തു. നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് അക്രമി ആക്രോശിച്ചതായും പരാതിയിൽ പറയുന്നു.

സംഭവം നടന്ന ഉടനെ ഗ്രെവാൾ പോലീസിനെ വിളിച്ചുവെങ്കിലും ഒരുമണിക്കൂർ വൈകുമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഒരു മണിക്കൂറിനുശേഷവും ടർലോസ്, സ്റ്റാനിസ്ലസ് കൗണ്ടി ഷെറീഫ് ഓഫീസിൽനിന്നും ആരും എത്തിയില്ലെന്ന് ഇവർ പറയുന്നു. അതേസമയം 911 കോളിനെക്കുറിച്ച് കൂടുതൽ പഠിച്ചു മാത്രമേ മറുപടി പറയാനാകൂ എന്ന് സെർജന്‍റ് ആന്‍റണി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ