പ്രസ്ക്ലബ് കണ്‍വൻഷൻ കൊണ്ട് ജനത്തിന് എന്തു ഗുണം?
Friday, July 21, 2017 4:25 AM IST
ന്യൂയോർക്ക്: പ്രസ്ക്ലബ് കണ്‍വൻഷൻ സംബന്ധിച്ചുള്ള വാർത്തകൾക്ക് വന്ന കമന്‍റിൽ ചോദിക്കുന്നു: പ്രസ്ക്ലബ് സമ്മേളനത്തിന് കാര്യപ്പെട്ടവരൊക്കെ വരുന്നുണ്ടല്ലോ. പക്ഷേ സമ്മേളനം കൊണ്ട് ജനത്തിന് എന്താണ് ഗുണം? അതെ പ്രസ്ക്ലബ് കണ്‍വൻഷൻ കൊണ്ട് ജനത്തിന് എന്താണ് ഗുണം?

ഏറ്റവും വലിയ മാധ്യമ സൈദ്ധാന്തികനായ മാർഷൽ മക് ലൂഹൻ പറയുന്നു: നാം അറിയുന്നതാണ് നമ്മുടെ ലോകം സൃഷ്ടിക്കുന്നത്.’ ചൊവ്വാ ഗ്രഹത്തിലോ പ്ലൂട്ടോയിലോ നടക്കുന്നതൊന്നും നാം അറിയുന്നില്ല. അതിനാൽ അവയ്ക്ക് നമ്മുടെ ജീവിതത്തിൽ സ്ഥാനമില്ല. അവിടെ ഒന്നും നടക്കുന്നില്ല എന്ന് ഇതിനർഥമില്ല.

അറിവ് അഥവാ വിവരം എവിടെനിന്നു കിട്ടുന്നു? മാധ്യമങ്ങളിലൂടെയാണ് അത് കിട്ടുന്നത്. അറിവു പകരുന്ന ഏതും മാധ്യമം തന്നെ. മക് ലൂഹൻ ഒരുപടികൂടി കടന്നു പറയുന്നു: ന്ധമീഡിയ ഈസ് ദി മെസേജ്’.’ മാധ്യമം തന്നെയാണ് സന്ദേശം. അഥവാ വിവരം. അതിനദ്ദേഹം ഒരുദാഹരണം പറയുന്നു. ഒരു സ്വിച്ച് ഇട്ടാൽ ബൾബ് കത്തുന്നു. ആ ബൾബിലൂടെ നമുക്ക് ഒരു വിവരവും കിട്ടുന്നില്ല (കണ്ടന്‍റ്). പക്ഷെ ആ മാധ്യമം തന്നെ ഒരു മാറ്റം സൃഷ്ടിക്കുന്നു.

അച്ചടി യന്ത്രം ഉണ്ടായപ്പോൾ നമ്മുടെ ലോകം മാറിപ്പോയി. വായിക്കാനറിയാത്ത ആളുടെ ലോകം പോലും മാറി. അച്ചടിയന്ത്രത്തിലൂടെ പടർന്ന അറിവാണ് പിന്നീട് വ്യവസായ വിപ്ലവത്തിനും മറ്റും വഴിതെളിച്ചത്.

ആധുനിക കാലത്തേക്ക് വന്നാൽ റേഡിയോയും ടിവിയും വന്നതോടെ ജീവിതം പിന്നെയും മാറി. ഒരിക്കൽപോലും ടിവി കാണാത്തവരുടെ ജീവിതത്തെക്കൂടി അതു ബാധിച്ചു.

കംപ്യൂട്ടറും ഇന്‍റർനെറ്റും വന്നതോടൂകൂടി അതു പരമകാഷ്ഠയിലെത്തി. കംപ്യൂട്ടറും ഇന്‍റർനെറ്റും ഉപയോഗിച്ചാലും ഇല്ലെങ്കിലും അതു നമ്മുടെ ജീവിതത്തെ ബാധിക്കുന്നു.

ചുരുക്കത്തിൽ പത്രങ്ങൾ വായിക്കുകയോ, ടിവി കാണുകയോ ചെയ്തില്ലെങ്കിലും അതു നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.

അമേരിക്കയിൽ മലയാളം പത്രങ്ങളോ, ടിവി ചാനലുകളോ ഇല്ലാത്ത ഒരു കാലം ആലോചിച്ചു നോക്കുക. നാട്ടിലെ വാർത്ത അറിയാൻ ഫോണ്‍ മാത്രമേയുള്ളുവെന്നു വയ്ക്കുക. നാം എത്ര ഒറ്റപ്പെട്ടുപോകും? മലയാളം പത്രം വായിക്കാറില്ല. മലയാളം ടിവി പരിപാടികൾ കാണാറില്ല എന്നൊക്കെ വീന്പു പറയുന്നവരുടെ ജീവിതത്തെ പോലും ഈ മാധ്യമങ്ങൾ സ്വാധീനിക്കുന്നു. ഒരു ചരമ വാർത്ത വായിക്കാൻ, ഒരു വിവാഹ പരസ്യം നൽകാൻ ഒക്കെ ഇത്തരം മാധ്യമങ്ങൾ തന്നെ ശരണം.

ഇത്ര സുപ്രധാനമായ മാധ്യമങ്ങൾ പടച്ചു വിടുന്ന വിവരങ്ങൾ (കണ്ടന്‍റ്) എത്ര പ്രധാനമെന്നു പറയേണ്ടതില്ലല്ലൊ. ആന കരിന്പിൻ കാട്ടിൽ കയറിയതുപോലെ മാധ്യമങ്ങൾ വിവരം നൽകാൻ തുടങ്ങിയാലോ?. കേരളത്തിൽ സംഭവിക്കുന്നത് അതാണ്. ദിലീപ് ജയിലിലായ കേസിൽ കേരളത്തിലെ ഒരു പത്രവും അമേരിക്കയിലെ ഒരു പത്രവും എങ്ങനെ ആയിരിക്കും റിപ്പോർട്ട് ചെയ്യുക. കേരളത്തിൽ വരുന്നതിന്‍റെ അഞ്ചിലൊന്നു പോലും പ്രസിദ്ധീകരിക്കാൻ അമേരിക്കയിലെ പ്രസിദ്ധീകരണം ധൈര്യപ്പെടുകയില്ല.

ബോക്സിംഗ് താരവും സുഹൃത്തിന്‍റെ ഭാര്യയും തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയതിന്‍റെ വീഡിയോ കാണിച്ച ഗോക്കർ (Gawker) വെബ്സൈറ്റിന് 134 മില്യനാണ് പിഴ ശിക്ഷ വിധിച്ചത്. അതോടെ സൈറ്റ് പൂട്ടിപ്പോയി.

അഭയ കേസിൽ അറസ്റ്റ് ഉണ്ടായപ്പോഴും ചില മാധ്യമങ്ങൾ മദമിളകിയപോലെ പ്രവർത്തിക്കുന്നതു കണ്ടു. അമേരിക്കയിലായിരുന്നെങ്കിൽ അതിൽ പലതും ഇപ്പോൾ അടച്ചുപൂട്ടിയേനേ. അത്രയധികം കേസ് ഉണ്ടായേനെ.

മാധ്യമ ലോകം ഇത്ര പ്രധാനമാണെങ്കിൽ അതു സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളു സെമിനാറുകളുമെല്ലാം പ്രധാന്യമില്ലാത്തതാകുമോ? മാധ്യമ രംഗത്തിന് മികവ് കൈവരുന്പോൾ പൊതുജനത്തിന് മികവുറ്റ വിവരങ്ങൾ ലഭിക്കും. അതവരുടെ ജീവിതത്തെ ബാധിക്കും. നേരേമറിച്ച് മാധ്യമങ്ങൾ ഫെയ്ക് ന്യൂസ് അഥവാ വ്യാജ വാർത്തയുടെ ഉറവിടമായാലോ?

മികവിനു വേണ്ടിയുള്ള എളിയ ശ്രമമായാണ് പ്രസ്ക്ലബ് രുപംകൊള്ളുന്നത്. മാധ്യമ പ്രവർത്തകർക്ക് ഒത്തുകൂടാൻ വേദി. അതുപോലെ പ്രഫഷണലായി മെച്ചപ്പെടാനും അറിവുകൾ പങ്കുവയ്ക്കാനുമുള്ള അവസരം. കാലക്രമേണ അതിൽ നിന്നു വ്യതിചലിച്ച് മറ്റൊരു മലയാളി അസോസിയേഷനായി പ്രസ്ക്ലബ് മാറിയോ എന്നു സംശയിക്കുന്നവരുമുണ്ട്.

എന്തായാലും അമേരിക്കയിലെ മാധ്യമ പ്രവർത്തനത്തിന് കുറച്ചെങ്കിലും ഉണർവ് പകരാൻ പ്രസ്ക്ലബിനായി. അതുകൊണ്ടാണല്ലോ പ്രസ്ക്ലബ് അംഗമാകാൻ ജനം രംഗത്തു വരുന്നത്.

നാട്ടിൽ നിന്നു വിദഗ്ധരായ പത്രക്കാരെ കൊണ്ടുവരികയും അവരിലൂടെ അറിവിന്‍റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ് പ്രസ്ക്ലബിന്‍റെ തുടക്കം മുതലുള്ള ശൈലി. ക്രമേണ നാട്ടിലെ മികച്ച പത്രപ്രവർത്തകർക്ക് അവാർഡുകൾ നൽകി നാട്ടിലും മികവ് പ്രോത്സാഹിപ്പിക്കുക പ്രസ്ക്ലബിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി.

അതിനു പുറമെ നാട്ടിലെ ഒട്ടേറെ പത്രക്കാർക്ക് അമേരിക്കയിൽ വരാൻ അവസരമുണ്ടായി. അമേരിക്കയെപ്പറ്റി നേരിട്ടറിയാനും ഇവിടെ ബന്ധങ്ങൾ സ്ഥാപിക്കാനും നാട്ടിലെ മാധ്യമങ്ങൾക്കായി. അത് ഇവിടെയുള്ളവർക്കും നാട്ടിലുള്ളവർക്കും ഒരുപോലെ ഗുണപ്രദമായി.

കണ്‍വൻഷനിലെ ഈടുറ്റ സെമിനാറുകൾ മറ്റൊരു സംഘടനയിലും കാണാത്ത പ്രവർത്തന നേട്ടമാണ്. അതിൽ പൊതുജനങ്ങൾക്കെല്ലാം പങ്കെടുക്കാം. കണ്‍വൻഷനിൽ പങ്കെടുക്കുന്നവരിൽ നിന്നു ഒരു ഫീസും പ്രസ്ക്ലബ് ഒരിക്കലും വാങ്ങിയിട്ടില്ല. അതിനാൽ ആർക്കും മാധ്യമ ലോകവുമായി സംവദിക്കാം. അതുപോലെ തങ്ങളുടെ ആശയങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കാം.