എക്യൂമെനിക്കൽ കായിക മാമാങ്കം ആവേശകരമായി
Thursday, June 22, 2017 7:31 AM IST
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമായുള്ള 21 ദേവാലയങ്ങളുടെ ഐക്യ കൂട്ടായ്മയായ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ ഈവർഷത്തെ ആദ്യ പരിപാടിയായ കായിക ദിനം ജൂണ്‍ 17നു ശനിയാഴ്ച ഹാറ്റ് ബറോയിലുള്ള റെനഗെഡ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെട്ടു.

ഫാ. എം.കെ. കുര്യാക്കോസിന്‍റെ പ്രാരംഭ പ്രാർത്ഥനയും, ഇന്ത്യൻ, അമേരിക്കൻ ദേശീയ ഗാനാലാപനത്തോടുംകൂടി ആരംഭിച്ച കായികമേളയുടെ ഉദ്ഘാടനം എക്യൂമെനിക്കൽ ചെയർമാൻ ഫാ. സജി മുക്കൂട്ട് നിർവഹിച്ചു. വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 16 ടീമുകൾ ടൂർണമെന്‍റുകളിൽ പങ്കെടുത്തു. നിരവധി വൈദീകരുടെ സാന്നിധ്യവും പ്രായഭേദമെന്യേയുള്ള പൊതുജന പങ്കാളിത്തവും തികഞ്ഞ അച്ചടക്കത്തോടെയുള്ള ആവേശകരമായ മത്സരങ്ങളും കായികദിനത്തെ വേറിട്ടൊരു അനുഭവമാക്കി മാറ്റി.
||
വോളിബോൾ മത്സരങ്ങളിൽ സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയം ഫെയർഹിൽസ് തുടർച്ചയായ മൂന്നാം വർഷവും വിജയികളായി എവർറോളിംഗ് ട്രോഫി സ്വന്തമാക്കി. സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയം രണ്ടാം സ്ഥാനം നേടി.

ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ ബഥേൽ മാർത്തോമാ ദേവാലയം ഒന്നാം സ്ഥാനവും, ക്രിസ്റ്റോസ് മാർത്തോമാ ദേവാലയം രണ്ടാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ട്രോഫികൾ കൂടാതെ ക്യാഷ് അവാർഡുകളും നൽകപ്പെട്ടു. വിജയിച്ച ടീമുകളുടെ അംഗങ്ങൾക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. വോളിബോൾ മത്സരങ്ങളിൽ ജെറിൻ മാത്യുവും, ബാസ്കറ്റ് ബോൾ മത്സരങ്ങളിൽ ജെയ്ക് മാത്യുവും എം.വി.പിയായി ട്രോഫികൾ കരസ്ഥമാക്കി.

മെഗാ സ്പോണ്‍സർ ഫില്ലി ഗ്യാസിനെ കൂടാതെ നിരവധി വ്യവസായ കായിക പ്രേമികൾ സ്പോണ്‍സർമാരായി കായികദിനത്തിന്‍റെ നടത്തിപ്പിനെ സഹായിച്ചു. മുൻകാല കായിക പ്രതിഭകളായ കെ.എം. തോമസ്, സെബാസ്റ്റ്യൻ എന്നിവരെ മെഡലുകൾ നൽകി ആദരിച്ചു. ഫെല്ലോഷിപ്പ് ചെയർമാൻ ഫാ. സജ മുക്കൂട്ട്, സെക്രട്ടറി കോശി വർഗീസ് (സന്തോഷ്), യൂത്ത് ആൻഡ് സ്പോർട്സ് കോർഡിനേറ്റർ ബിൻസി ജോണ്‍, ട്രഷറർ ഡോ. കുര്യൻ മത്തായി, പി.ആർ.ഒ സജീവ് ശങ്കരത്തിൽ, ഫെല്ലോഷിപ്പിന്‍റെ മറ്റു ഭാരവാഹികൾ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം