ഫൊക്കാനയുടെ സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു
Saturday, May 27, 2017 3:52 AM IST
കൊച്ചി: ഫൊക്കാനയുടെ സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലയിൽ എടക്കാട്ടുവയൽ പഞ്ചായത്തിൽ കട്ടിമുറ്റത്ത് സെബിയക്കു ഉമ്മൻ ചാണ്ടി പൂർത്തിയായ വീടിന്‍റെ താക്കോൽ നൽകി ഉദ്ഘാടനം നിർവഹിച്ചു . ഒരു സന്പൂർണ പാർപ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുന്പോൾ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത് .സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവർ, വിധവകൾ, അഗതികൾ എന്നിവർക്കായിരിക്കും മുൻഗണന നൽകിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുൻഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്നു ഫൊക്കാനാ ചാരിറ്റി കമ്മിറ്റി ചെയർമാനും, എക്സികുട്ടീവ് വൈസ് പ്രസിഡന്‍റുമായ ജോയ് ഇട്ടൻ അറിയിച്ചു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെ ഭൂരഹിതരായ ഭവനരഹിതർക്കും, സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാന്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് ഫൊക്കാനയുടെ സന്പൂർണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം എന്ന് ചടങ്ങിൽ പങ്കെടുത്ത ഫൊക്കാനാ ഫൗണ്‍ണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ അറിയിച്ചു . ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവനനിർമ്മാണം പൂർത്തിയാക്കാത്തവർ, വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, പുറന്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താൽക്കാലിക ഭവനമുള്ളവർ, എന്നിവരെയും ഫൊക്കാനയുടെ ഗുണഭോക്താക്കൾ ആക്കുവാൻ ശ്രമിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്‍റ് തന്പി ചാക്കോ അറിയിച്ചു.

ഫൊക്കാന കേരള കണ്‍വൻഷനു ഒരുദിവസം ബാക്കി നിൽക്കേ ഫൊക്കാനാ പ്രവർത്തന മികവിലൂടെ ഒരു പടി കൂടി മുൻപോട്ട് പോയി എന്നതാണ് പാർപ്പിട പദ്ധതി കൊണ്ടുള്ള നേട്ടമെന്ന് ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും വീടില്ലാത്തവർക്ക് വീടുകൾ വച്ചുകൊടുക്കുന്ന ഈ പദ്ധതിയുമായി ഫൊക്കാന മുന്നോട്ടു പോകും.തിരഞ്ഞെടുക്കപ്പെടുന്ന അർഹർക്ക് വീടുപണിത് താക്കോൽ നല്കും. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ വീട് നിർമിച്ച് നൽകും. തുടർന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്ത് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയര്മാന് ജോർജി വർഗീസും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ