റവ.ഡോ. ജോർജ് മഠത്തിപ്പറന്പിലിന്‍റെ പൗരോഹിത്യ സുവർണ്ണജൂബിലി ആഘോഷം
Thursday, May 25, 2017 6:18 AM IST
ഷിക്കാഗോ: സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും, ചങ്ങനാശേരി എസ്ബി കോളജ് മുൻ പ്രിൻസിപ്പലും, ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ മുൻ വികാരി ജനറാളും, ഷിക്കാഗോ എസ്ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരിയുമായ ഡോ. ജോർജ് മഠത്തിപ്പറന്പിലിന്‍റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം ജൂണ്‍ നാലിനു ഞായറാഴ്ച ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ നടത്തും.

മാർത്തോമാശ്ശീഹാ സീറോ മലബാർ കത്തീഡ്രലിൽ ജൂണ്‍ നാലിനു ഞായറാഴ്ച വൈകുന്നേരം 5.30നു കൃതജ്ഞതാബലി അർപ്പിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. അതിനുശേഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി പൊതുസമ്മേളനം കത്തീഡ്രൽ ഹാളിൽ (ചാവറ ഹാൾ) നടക്കും.

കഴിഞ്ഞ അന്പതു വർഷക്കാലം ജോർജ് മഠത്തിപ്പറന്പിലച്ചനിലൂടെ സഭയ്ക്കും സമൂഹത്തിനും തനിക്ക് വ്യക്തിപരമായും പൗരോഹിത്യ ശുശ്രൂഷയിലൂടെ ലഭിച്ചിട്ടുള്ള എല്ലാ ദൈവാനുഗ്രഹങ്ങൾക്കും വരദാനങ്ങൾക്കും നന്ദി പറയുവാൻ ഒരുക്കുന്ന ഈ ധന്യ അവസരത്തിലേക്ക് എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

സീറോ മലബാർ രൂപതയുടെ പ്രഥമ വികാരി ജനറാളായി ഒരു ദശാബ്ദക്കാലം സേവനം അനുഷ്ഠിച്ച മഠത്തിപ്പറന്പിലച്ചന്‍റെ തട്ടകമായ ഷിക്കാഗോയിൽ നിരവധി സുഹൃത്തുക്കളും പരിചയക്കാരുമായി ഒരു ബൃഹദ് സുഹൃദ് വലയമുള്ളതിനാൽ ഷിക്കാഗോയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

ഇന്നു പൗരോഹിത്യ ശുശ്രൂഷ എന്നു പറയുന്നത് സഭയ്ക്കുള്ളിലും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെല്ലം വളരെ വിമർശനാത്മകമായി വിലയിരുത്തുന്ന ഒരു കാലഘട്ടത്തിൽ ശ്രേഷ്ഠ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൗരോഹിത്യസ്ഥാനികൾക്ക് സമൂഹത്തിൽ അംഗീകാരമുണ്ടാകുന്നത്.

ജോർജ് അച്ചന്‍റെ ജൂബിലി ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നതിനായി ഷിക്കാഗോ സീറോ മലബാർ രൂപതയേയും, മാർത്തോമാശ്ശീഹാ കത്തീഡ്രലിനേയും, ഷിക്കാഗോ എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയേയും പ്രതിനിധീകരിച്ച് നിരവധി വൈദീകരും സിസ്റ്റേഴ്സും, വ്യക്തികളും, കുടുംബങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുത്ത് ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടണമെന്ന് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം