ഫാമിലി കോണ്‍ഫറൻസ്: കീനോട്ട് സ്പീക്കേഴ്സ്
Tuesday, May 23, 2017 7:05 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിൽ ഫാ. ഡോ. എം.ഒ. ജോണാണ് ചിന്താവിഷയത്തിലൂന്നിയ പ്രസംഗ പരന്പരയിലെ പ്രധാനി. മുതിർന്നവർക്കായാണ് എം.ഒ ജോണച്ചൻ ക്ലാസെടുക്കുന്നത്. യുവജനങ്ങൾക്കായി സെന്‍റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. ഡോണ റിസ്ക് ഇംഗ്ലീഷിൽ ക്ലാസുകളെടുക്കും. എംജിഒ സിഎസ്എം ഫോക്കസ് ഗ്രൂപ്പുകൾക്കായി റവ.ഡീക്കൻ പ്രദീപ് ഹാച്ചറും സണ്‍ഡേ സ്കൂൾ കുട്ടികൾക്കായി റവ.ഡീക്കൻ ബോബി വറുഗീസും ക്ലാസുകളെടുക്കും.

വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. എം.ഒ.ജോണ്‍ തുന്പമണ്‍ സെന്‍റ് മേരീസ് കത്തീഡ്രൽ ഇടവകാംഗവും മഠത്തിൽ കുടുംബാംഗവുമാണ്. ബംഗളൂരു യുണൈറ്റഡ് തിയളോജിക്കൽ കോളജ് ചരിത്രവിഭാഗം പ്രൊഫസറും മലങ്കരസഭാ ദീപം മാനേജിങ് എഡിറ്ററുമാണ്. ദക്ഷിണാഫ്രിക്കയിലെ വിവിധ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിക്കാൻ നേതൃത്വം നൽകി. തുന്പമണ്‍ ഭദ്രാസനാധിപനായിരുന്ന ദാനിയൽ മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു. വിയന്ന സെന്‍റ് തോമസ് കോണ്‍ഗ്രിഗേഷൻ, സൗത്ത് ആഫ്രിക്ക സെന്‍റ് തോമസ് കോണ്‍ഗ്രിഗേഷൻ എന്നിവയുടെ സ്ഥാപക വികാരിയാണ്. സഭാചരിത്ര പണ്ഡിതൻ, പ്രാസംഗികൻ, സംഘാടകൻ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചിട്ടുണ്ട്. വിയന്ന സർവകലാശാലയിൽനിന്നു സഭാചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. സഭാ മാനേജിങ് കമ്മിറ്റി മുൻ അംഗവും കോട്ടയം ഓർത്തഡോക്സ് സെമിനാരി പ്രൊഫസറുമായിരുന്നു. കുണ്ടറ സെമിനാരിയിലെയും ആലുവ തൃക്കുന്നത്തു സെമിനാരിയിലെയും മാനേജരായിരുന്നിട്ടുണ്ട്.

ദൈവശാസ്ത്ര ഗവേഷണ രംഗത്ത് ആഴത്തിലുള്ള പഠനങ്ങളും ചിന്തകളും പങ്കുവച്ച് ഓർത്തഡോക്സ് സഭയുടെ അഭിമാനമായ വ്യക്തിയാണ് ഡോ. ഡോണ റിസ്ക് എന്ന വനിത. സെന്‍റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ ഡോ. ഡോണ, ഓർത്തഡോക്സ് സഭയിൽ സ്ത്രീകളുടെ പ്രാധാന്യത്തെയും പങ്കാളിത്തത്തെയും വിളിച്ചോതുന്ന ഓർത്തഡോക്സ് വിമൻ മിനിസ്ട്രിയുടെ സ്ഥാപകയും സംഘാടകയുമെന്ന നിലയിലും സഭാരംഗത്ത് സജീവമാണ്. കോപ്റ്റിക് & അർമീനിയൻ ചരിത്രവും ദൈവശാസ്ത്രവും, സഭയിൽ സ്ത്രീകളുടെ പങ്ക്, ഈസ്റ്റേണ്‍ ലിറ്റർജിക്കൽ പഠനങ്ങൾ, പെട്രിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടിയിട്ടുണ്ട് ഡോ. ഡോണ. കുട്ടികളെ ക്രിസ്തീയതയെയും ലോകമതങ്ങളെയും കുറിച്ചുമുള്ള പാഠഭാഗങ്ങൾ ഡോ.ഡോണ പരിശീലിപ്പിക്കുന്നു.

തിയോളജിക്കൽ വിദ്യാഭ്യാസത്തിന്‍റെയും വിമൻ മിനിസ്ട്രിയുടെയും ഡയറക്ടറുമായ ഡോ. ഡോണ ഉന്നതബിരുദങ്ങളേറെ നേടിയിട്ടുമുണ്ട്. കാലിഫോർണിയ സ്വദേശിയായ ഡോ. ഡോണ ഉപരിപഠനാർത്ഥം മൂന്ന് രാജ്യങ്ങളിലും മൂന്ന് സംസ്ഥാനങ്ങളിലും താമസിച്ച് പഠിച്ചിട്ടുണ്ട്. ഹവായ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ആൻഡ് എജുക്കേഷനിൽ ബിഎ (2003-06) പാസായി. ബോസ്റ്റണിലെ ഹോളിക്രോസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് തിയോളജിക്കൽ സ്റ്റഡീസിൽ മാസ്റ്റർ ബിരുദമെടുത്തു. (2006-08).

ബെർക്കിലിയിലെ ഗ്രാജുവേറ്റ് തിയോളജിക്കൽ യൂണിയനിൽ ഒരു വർഷത്തെ ലിറ്റർജി പഠനത്തിനു ശേഷം ഓസ്ട്രിയയിലെ വിയന്നയിൽ ജർമൻ ഭാഷ പഠിക്കാൻ തുടങ്ങി. ഓക്സ്ഫഡിൽ നിന്ന് ഈസ്റ്റേണ്‍ ക്രിസ്ത്യൻ സ്റ്റഡീസിൽ രണ്ടാം മാസ്റ്റേഴ്സ് ബിരുദം സ്വന്തമാക്കി. അർമീനിയൻ, ഗ്രീക്ക് ഭാഷകൾക്കും ചരിത്രത്തിനും പ്രാധാന്യം നൽകിയായിരുന്നു ഈ ബിരുദപഠനം.

റിപ്പോർട്ട്: വറുഗീസ് പ്ലാമൂട്ടിൽ