ഹൂസ്റ്റണിലെ ഹോസ്പീസ് സെന്‍ററുകളിൽ മിന്നൽ പരിശോധന
Saturday, May 20, 2017 8:36 AM IST
ഹൂസ്റ്റണ്‍: ബീമോണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാർസർ ഹെൽത്ത് കെയറിന്‍റെ വിവിധ ഹോസ്പീസ് സെന്‍ററുകളിൽ എഫ്ബിഐ, ടെക്സസ് സ്റ്റേറ്റ് ട്രൂപ്പേഴ്സ് എന്നിവർ ഒരേ സമയം മിന്നൽ പരിശോധന നടത്തി.

ഇവിടെനിന്നും ഡസൻ കണക്കിന് മെഡിക്കൽ റിക്കാർഡ്സ് സൂക്ഷിച്ചിരുന്ന ബോക്സുകളാണ് പിടിച്ചെടുത്ത് പരിശോധനയ്ക്കായി കൊണ്ടുപോയത്. കന്പനിയുടെ ആസ്ഥാനത്തും കന്പനി സിഇഒ ഡോ. ക്വമർ ആർഫിൻസിന്‍റെ മെഡിക്കൽ പ്രാക്ടീസ് വിഭാഗത്തിലും പരിശോധന നടത്തി. തുടർച്ചയായ അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന എന്ന് എഫ്ബിഐ പറഞ്ഞു.

അതേസമയം അന്വേഷണത്തോടെ പൂർണമായും സഹകരിക്കുമെന്നും സ്ഥാപനത്തിന്‍റെ തുടക്കം മുതൽ ഇവിടെ ചികിത്സക്കായി എത്തുന്ന രോഗികൾക്ക് ഏറ്റവും നല്ല പരിചരണമാണ് നൽകുന്നതെന്നും സ്ഥാപനത്തിന്‍റെ ഉടമ പ്രസ്താവനയിൽ പറഞ്ഞു.

1995 മുതൽ ടെക്സസിൽ പൾമനോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോ. അർഫിൻ 12 വർഷം മുന്പ് സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ഹോസ്പീസ് സെന്‍ററുകളിൽനിന്നും നല്ല ചികിത്സയും പെരുമാറ്റവുമാണ് ലഭിക്കുന്നതെന്നും എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഇവിടെ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധുക്കൾ പറയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ