ശ്രുതിമധുരമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി
Tuesday, March 28, 2017 11:36 PM IST
എഡ്മന്‍റണ്‍: എഡ്മന്‍റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്‍റണിലെ രാഗമാല മ്യൂസിക് സൊസൈറ്റിയുടെ 2017 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ സംഗീത കച്ചേരി. രാഗ്പൂരിയ ധനശ്രീ രാഗത്തിൽ, ജാവ്താളത്തിൽ ബഡാഖായേൽ പാടിക്കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടർന്നു തീൻ താളത്തിൽ ഛോട്ടോ ഖായലും അവതരിപ്പിച്ചു.

തുടർന്നു ഗസലുകളുടെ രാജാവായ മെഹ്ദിഹാസന്‍റെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ രൻജിഷ് ഹിസനി ദിൽഹി എന്ന ഗസാലായിരുന്നു. തബലിയിൽ ഓജസ് ജോഫിയും, ഹാർമോണിയത്തിൽ രാജ് കമലും കച്ചേരിക്ക് അകന്പടി നൽകി.

കർണാടക സംഗീതം പഠിച്ചുകൊണ്ടാണ് ശ്രുതി തന്‍റെ സംഗീതജീവിതം ആരംഭിച്ചത്. കർണ്ണാടക സംഗീതത്തിലെ ഗുരുക്കളിൽ പ്രശസ്തരായ ശേഖർ തൻജോൽക്കറും, സലിം രാഗമാലികയും ഉൾപ്പെടുന്നു. ഗൽഹീര ഹേമ ഉപാസിനി ആയിരുന്നു ഹിന്ദുസ്ഥാനി സംഗീതത്തിൽ ഗുരു. മുംബൈയിലെ അഖില ഭാരതീയ ഗന്ധർവ വിദ്യാലയത്തിൽ നിന്നും സംഗീതപ്രവേശിക പാസായ ശ്രുതി ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നും ഇലക്ട്രോണിക് കീബോർഡിൽ അഞ്ചാം ഗ്രേഡും പാസായിട്ടുണ്ട്. വോയ്സ് ഓഫ് മുംബൈ, ഗന്ധർവ്വ സംഗീതം തുടങ്ങിയ പരിപാടികളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ശ്രുതി. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ സംഗീത വിഭാഗത്തിലെ ഇന്ത്യൻ മ്യൂസിക് എൻസൈബിളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്രുതി, എഡ്മന്‍റണിലെ ഇന്ത്യൻ മ്യൂസിക് അക്കാഡമിയിലും സംഗീതം പഠിപ്പിക്കുന്നുണ്ട്. ശ്രുതിയുടെ കച്ചേരിക്കുശേഷം നരേൻ ഗണേശിന്‍റെ ഭരതനാട്യം അരങ്ങേറി. രാഗമാലയുടെ അടുത്ത പരിപാടി ഏപ്രിൽ എട്ടിന് മുദാർട്ട് ഹാളിൽ വച്ച് റോണു മജുംദാറും, രാജേഷും സംഗമിക്കുന്ന ബാൻസൂരി, മൻഡോലിൻ സംഗമമാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം