മനീഷ് മൊയ്തീൻ നോർഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ്
Tuesday, March 28, 2017 5:44 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മൊയ്തീൻ പുത്തൻചിറയുടെയും വിജയമ്മയുടേയും മകൻ മനീഷ് മൊയ്തീൻ കോമണ്‍വെൽത്ത് ഓഫ് മാസച്യുസെറ്റ്സിലെ നോർഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമനം ലഭിച്ചു. മാസച്യുസെറ്റ്സിലെ സിറ്റി ഓഫ് വെയ്മത്ത് പോലീസ് ഡിപ്പാർട്ട്മെന്‍റിൽ പോലീസ് ഓഫീസറായി പ്രവർത്തിച്ചുവരികവെയാണ് പുതിയ നിയമനം.

മറൈൻ എൻജിനിയറിംഗിൽ ബിരുദമുള്ള മനീഷ് പത്തു വർഷത്തോളം യുഎസ് കോസ്റ്റ് ഗാർഡിന്‍റെ മറൈൻ എൻജിനിയറിംഗ് വിഭാഗത്തിലും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിലും നാർക്കോട്ടിക് എൻഫോഴ്സ്മെന്‍റിലും സേവനം ചെയ്തിട്ടുണ്ട്. പോയിന്‍റ് അല്ലർടൻ, കേപ്പ് കോഡ്, സാന്‍റിയേഗോ, ഫ്ളോറിഡ എന്നീ തീരദേശ സ്റ്റേഷനുകളിൽ വിവിധ തസ്തികകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

മെക്സിക്കോ, കൊളംബിയ, പാനമ എന്നിവിടങ്ങളിൽ കൗണ്ടർ നാർക്കോട്ടിക് ഓപ്പറേഷൻസിൽ പങ്കെടുത്തിട്ടുള്ള മനീഷ് ഒരു ഷാർപ്പ് ഷൂട്ടർ കൂടിയാണ്.

ഡപ്യൂട്ടി ഷെരീഫ് പദവി കൂടുതൽ ഉത്തരവാദിത്വമുള്ളതാണെന്ന് മനീഷ് പറഞ്ഞു. കോമണ്‍വെൽത്ത് ആയതുകൊണ്ട് ലോ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന് കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് എല്ലാ കേസുകളും സ്വതന്ത്രമായി അന്വേഷിക്കാൻ സാധിക്കുമെന്നും മനീഷ് പറഞ്ഞു. അനധികൃതമായി യുഎസിൽ താമസിച്ച് മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെട്ടിരുന്ന നിരവധി പേരെ റോഡ് ചെയ്സിലൂടെയും മറ്റും കീഴടക്കി അറസ്റ്റ് ചെയ്ത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റിന് കൈമാറിയിട്ടുണ്ട്.

ലോ എൻഫോഴ്സ്മെന്‍റിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മനീഷ് ഒരു സൈബർ ഡിറ്റക്റ്റീവ് കൂടിയാണ്.

അഞ്ചാം വയസിൽ അമേരിക്കയിലെത്തിയ മനീഷ് ന്യൂയോർക്കിലെ ന്യൂറോഷേലിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ