ഫിലിപ്പ് കാലായിലിന്‍റെ നിര്യാണത്തിൽ കാനാ അനുശോചിച്ചു
Tuesday, March 28, 2017 2:32 AM IST
ഷിക്കാഗോ: 1979-ൽ സ്ഥാപിതമായ ക്നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കാനാ) സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്‍റുമായ ഫിലിപ്പ് ടി. കാലായുടെ നിര്യാണത്തിൽ കാനാ അനുശോചനം രേഖപ്പെടുത്തി. മാർച്ച് 26-നു ഞായറാഴ്ച ഷിക്കാഗോയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി ലൂക്കോസ് പാറേട്ട് അവതരിപ്പിച്ച അനുശോചന പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. ചർച്ചയിൽ പങ്കെടുത്ത എല്ലാവരും അമേരിക്കയിൽ കുടിയേറിയ ഏഷ്യൻ വിശിഷ്യാ ഇന്ത്യൻ വംശജരുടെ ക്ഷേമത്തിനായി പരേതൻ ദീർഘകാലം നൽകിയ സ്തുത്യർഹമായ സേവനങ്ങൾ അനുസ്മരിച്ചു.

അമേരിക്കയിലെ ഏഷ്യൻ- ഇന്ത്യൻ വംശജരുടെ താത്പര്യം സംരക്ഷിക്കാനും, ദേശീയ മുഖ്യധാരയിലേക്കുള്ള അവരുടെ പ്രവേശനത്തിന് നിദാനമായതിലും ഫിലിപ്പ് കാലായിൽ വഹിച്ച പങ്കിനും, നേതൃത്വത്തിനും അംഗീകാരമെന്നോണം യു.എസ് കോണ്‍ഗ്രസ് ഇല്ലിനോയി സംസ്ഥാന സെനറ്റ്, ഹൗസ്, ഷിക്കാഗോ സിറ്റി കൗണ്‍സിൽ എന്നീ സഭകൾ അനുശോചന പ്രമേയങ്ങൾ വഴി അദ്ദേഹത്തെ ആദരിച്ചു. അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ ഒരുവന് ലഭിക്കുന്ന അപൂർവ്വ ബഹുമതിയാണിതെന്ന് കാനാ കരുതുന്നു. ഫിലിപ്പ് കാലായിലിന്‍റെ വിയോഗത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുകയും, സംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു അന്ത്യാഞ്ജലികൾ അർപ്പിക്കാൻ തടിച്ചുകൂടിയതുമായ ഷിക്കാഗോയിലെ ഇന്ത്യൻ സമൂഹത്തോടുള്ള നന്ദിയും സ്നേഹവും അനുശോചന പ്രമേയത്തിലൂടെ കാനാ രേഖപ്പെടുത്തി. ലൂക്കോസ് പാറേട്ട് (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം