ഹൂസ്റ്റൻ സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ തിരുനാളും ഹാൾ കൂദാശയും നടത്തി
Sunday, March 26, 2017 11:56 PM IST
ഹൂസ്റ്റൻ: സെന്‍റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്‍റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവുമായ സെന്‍റ് ജോസഫ് ഹാളിന്‍റെ വെഞ്ചരിപ്പും നടത്തി. മാർച്ച് 17, 18, 19 തിയതികളിലായിട്ടാണ് ഭക്തിനിർഭരങ്ങളായ ചടങ്ങുകൾ നടന്നത്.

മാർച്ച് 19-നു നടന്ന ആഘോഷമായ തിരുനാൾ സമൂഹബലിയിൽ ഷിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമ്മികനായിരുന്നു. ദിവ്യബലിക്കു ശേഷം മുത്തുകുടകളും ചെണ്ട മേളവും മറ്റു വാദ്യഘോഷങ്ങളും കൊടി തോരണങ്ങളുമായി ഭക്തി സംഗീത സാന്ദ്രവുമായ അന്തരീക്ഷത്തിൽ വിശുദ്ധ യൗസേഫ് പിതാവിന്‍റെ ഉൾപ്പടെ മറ്റ് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട ുള്ള തിരുനാൾ പ്രദക്ഷിണത്തിൽ നൂറുകണക്കിന് ആബാലവൃദ്ധം ജനങ്ങളാണ് പങ്കെടുത്തത്. തിരുനാൾ ചടങ്ങുകൾക്കു ശേഷം പുതിയതായി പണിതീർത്ത സെന്‍റ് ജോസഫ് ഹാളിന്‍റെ കൂദാശയും ഉൽഘാടനവുമായിരുന്നു. പള്ളി അങ്കണത്തിലെത്തിയ വിശിഷ്ടാതിഥികളെ ഇടവകയിലെ മഹിളകൾ താലപ്പൊലിയോടെ സെന്‍റ് ജോസഫ് ഹാളിന്‍റെ കവാടത്തിലേക്കാനയിച്ചു. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തും മറ്റ് വിശിഷ്ട വ്യക്തികളും നാടമുറിച്ചതോടെ സന്നിഹിതരായവർ ഹാളിലെത്തി. തുടർന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ഹാളിന്‍റെ കൂദാശ നടത്തി.

||

ഭദ്രദീപം കൊളുത്തിയതിനു ശേഷം പൊതുയോഗമാരംഭിച്ചു. യോഗത്തിനു ഇടവക വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടന പ്രസംഗം നടത്തി. രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്, ഫാ. വിൽസൻ ആന്‍റെണി, മിസൗറി സിറ്റി മേയർ അലൻ ഓവൻ, സ്റ്റാഫോർഡ് സിറ്റി മേയർ ലിയോനാർഡ് സ്കർസെല്ല തുടങ്ങിയ സിവിക് അധികാരികൾ ആശംസകൾ അർപ്പിച്ചു. ഇടവക ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന സെന്‍റ് ജോസഫ് ഓഡിറ്റോറിയം യാഥാർത്ഥ്യമാക്കാൻ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് പ്രശംസാഫലകം നൽകി ആദരിച്ചു. ഇടവക ട്രസ്റ്റി പ്രിൻസ് ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

ഇടവകാംഗങ്ങളായ കൊച്ചു കുട്ടികളും മുതിർന്നവരുമടങ്ങുന്ന കലാകാര·ാരും കലാകാരികളും നൃത്തം, സംഗീതം, കോമഡി സ്കിറ്റ്, കലാശിൽപ്പങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ എല്ലാം കോർത്തിണക്കിയ വൈവിധ്യമേറിയ കലാപ്രകടനങ്ങൾ എന്തുകൊണ്ടും മികവു പുലർത്തി. പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ദേവാലയത്തിലെ വിവിധ ഭക്തസംഘടന അംഗങ്ങൾ, കന്യാസ്ത്രീ സിസ്റ്റേർസ്, ഇടവക യൂത്ത് പ്രതിനിധികൾ എല്ലാം പരിപാടികളുടെ വിജയത്തിന്‍റെ പിന്നിൽ പ്രവർത്തിച്ചവരാണ്. ജെറിൽ ജോസഫ്, ജിനി മാത്യു, സജിനി തെക്കേൽ തുടങ്ങിയ യുവജന പ്രതിനിധികൾ കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തു. വിവിധ മീഡിയ പ്രതിനിധികളും എത്തിയിരുന്നു. പരിപാടിയുടെ മീഡിയാ കോർഡിനേറ്ററായി ഐസക്ക് വർഗീസ് പുത്തനങ്ങാടി പ്രവർത്തിച്ചു. ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഒരു വന്പിച്ച ജനതതിയാണ് ആഘോഷങ്ങൾക്കെത്തിയത്. സ്നേഹവിരുന്നോടെയാണ് ചടങ്ങുകൾ പര്യവസാനിച്ചത്.

റിപ്പോർട്ട്: എ.സി. ജോർജ്