ട്രംപിന്‍റെ തന്ത്രം ഫലിച്ചു; ഹെൽത്ത് കെയർ ബിൽ പിൻവലിച്ചു
Saturday, March 25, 2017 5:46 AM IST
വാഷിംഗ്ടണ്‍: ഹെൽത്ത് കെയർ ബിൽ യുഎസ് ഹൗസിൽ അവതരിപ്പിച്ച് പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടെയും ഹൗസ് ഫ്രീഡം കോക്കസ് കണ്‍സർവേറ്റീവ്സിന്‍റേയും നീക്കം ട്രംപിന്‍റെ സന്ദർഭോചിതമായ ഇടപെടൽമൂലം വിഭലമായി.

പ്രസിഡന്‍റായി അധികാരമേറ്റെടുത്താൽ ഒബാമ കെയർ പിൻവലിച്ച് പുതിയ ഹെൽത്ത് കെയർ ബിൽ റിപ്പബ്ലിക്കൻ ലോ മേക്കേഴ്സ് യുഎസ് കോണ്‍ഗ്രസിൽ അവതരിപ്പിക്കുമെന്നുള്ള ട്രംപിന്‍റെ പ്രഖ്യാപനമാണ് ഇതോടെ നിറവേറ്റപ്പെട്ടത്.

ഒബാമ കെയർ പിൻവലിക്കണമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അധികാരമേറ്റെടുത്ത് 64 ദിവസം കൊണ്ട് പുതിയ ഹെൽത്ത് കെയർ ബിൽ പാസാക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്ന് ബിൽ പിൻവലിച്ചതിനെക്കുറിച്ച് ആദ്യമായി ഓവൽ ഓഫീസിൽ നടത്തിയ പ്രസ്താവനയിൽ ട്രംപ് ചൂണ്ടിക്കാട്ടി.

ഒബാമ കെയർ മരിച്ചുകൊണ്ടിരിക്കുകയാണെന്നും താമസംവിന ഇതിന്‍റെ പതനം പൂർത്തിയാകുമെന്നും ഇരു സഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടികൊണ്ടുവന്ന ബിൽ പിന്തുണയ്ക്കാതിരുന്നതിന് ഡമോക്രാറ്റുകളാണ് ഉത്തരവാദികളെന്നും ട്രംപ് ആരോപിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി ലീഡർ പോൾ റയനാണ് പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ ബിൽ തത്കാലം പിൻവലിക്കുന്നതായി കോണ്‍ഗ്രസിനെ അറിയിച്ചത്. ഹെൽത്ത് കെയർ ബില്ലിനെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തുമെന്നും താമസംവിന ഭേദഗതികളോടെ ബിൽ വീണ്ടും സഭയിൽ അവതരിപ്പിച്ച് പാസാക്കാൻ കഴിയുമെന്നും ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ