സാക്രമെന്‍റോ മാർത്തോമ കോണ്‍ഗ്രിഗേഷൻ നിലവിൽവന്നു
Wednesday, March 1, 2017 5:37 AM IST
സാക്രമെന്േ‍റാ: കലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്േ‍റായിൽ മാർത്തോമ സഭക്ക് പുതിയ കോണ്‍ഗ്രിഗേഷന് തുടക്കമായി. നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്‍റെ കീഴിൽ നിലവിൽ വന്ന പുതിയ ആരാധന സമുഹത്തിന്‍റെ ഒൗപചാരികമായ ഉദ്ഘാടനം ഭദ്രാസനാധിപൻ ഡോ. ഐസക്ക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ നിർവഹിച്ചു.

തുടർന്നു മാർ ഫിലക്സിനോസ് മുഖ്യകാർമികത്വം വഹിച്ച വിശുദ്ധ കുർബാനയിൽ കോണ്‍ഗ്രിഗേഷനിലെ വിശ്വാസ സമൂഹം ഒന്നായി പങ്കെടുത്തു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ മാർ ഫിലക്സിനോസ് കോണ്‍ഗ്രിഗേഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പി.സി. ഫിലിപ്പ് നേതൃത്വം നൽകിയ പ്രാരംഭ പ്രാർഥനയ്ക്കുശേഷം സാന്‍റ് ഫ്രാൻസിസ്കോ മാർത്തോമ ഇടവക വികാരി റവ. ബിജു പി. സൈമണ്‍ ആമുഖ പ്രസംഗം നടത്തി. റവ. ഡോ. മത്തായി ആലക്കോട്ട് (ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്), ഫാ. സിബി കുര്യൻ (സീറോ മലബാർ ചർച്ച്), തുടങ്ങി എക്യുമിനിക്കൽ ഇടവകകളിൽ നിന്നുള്ള വൈദികരും സിലിക്കണ്‍ വാലി മാർത്തോമ ചർച്ച്, സാന്‍റ് ഫ്രാൻസിസ്കോ മാർത്തോമ ചർച്ച്, സെന്‍റ് ജോർജ് ഓർത്തോഡോക്സ് ചർച്ച് ഓഫ് ഇന്ത്യ സാക്രമെന്‍റോ, ഇൻഫന്‍റ് ജീസസ് സീറോ മലബാർ ചർച്ച് ഓഫ് സാക്രമെന്‍റോ എന്നീ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും ചടങ്ങുകളിൽ പങ്കെടുത്തു. ഒ.സി. നൈനാൻ (വൈസ് പ്രസിഡന്‍റ് സാക്രമെന്‍റോ മാർത്തോമ കോണ്‍ഗ്രിഗേഷൻ), സുഗു ചാണ്ടി (വൈസ് പ്രസിഡന്‍റ്, സിലിക്കണ്‍ വാലി മാർത്തോമ ചർച്ച്), കുര്യൻ വർഗീസ് (വൈസ് പ്രസിഡന്‍റ്, സാന്‍റ് ഫ്രാൻസിസ്കോ മാർത്തോമ ചർച്ച്) തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രിൻസ് ഫിലിപ്പ് നിർമിച്ച കോണ്‍ഗ്രിഗേഷന്‍റെ വെബ്സൈറ്റ് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്തു. സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ബെന്നി പരിമണം