ഫാമിലി കോണ്‍ഫറൻസ് 2017: രജിസ്ട്രേഷൻ അവസാനിച്ചു
Friday, February 24, 2017 7:28 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന് ഇതു പുതു ചരിത്രം. കോണ്‍ഫറൻസ് ചരിത്രത്തിൽ ആദ്യമായി രജിസ്ട്രേഷൻ ആരംഭിച്ച് 49 ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കൈവരിക്കാനായി. ഇതേത്തുടർന്നു കോണ്‍ഫറൻസ് രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി കോണ്‍ഫറൻസ് കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം.ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വർഗീസ് എന്നിവർ അറിയിച്ചു.

ദൈവത്തിന്‍റെ മഹാകരുണയും ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അകമഴിഞ്ഞ പിന്തുണയും വൈദികരുടെ സ്നേഹനിർഭരമായ പങ്കാളിത്തവും ഭദ്രാസന അസംബ്ലി അംഗങ്ങളുടെ സഹകരണവും ഭദ്രാസന ജനങ്ങളുടെ പ്രോത്സാഹനവും മൂലമാണ് ഉദ്ദേശിച്ചതിലും വേഗത്തിൽ ലക്ഷ്യം ഭേദിക്കാനായത്.

1050 രജിസ്ട്രേഷനുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവാനിയയിലെ പോക്കണോസ് കലഹാരി റിസോർട്ടിലാണ് കോണ്‍ഫറൻസ്. 1200 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന മുറികൾ കലഹാരി റിസോർട്ടിൽ ഉണ്ടെങ്കിലും ഡൈനിംഗിനും സമ്മേളനങ്ങൾക്കും കാര്യമായ തിരക്ക് ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തെ തുടർന്നാണ് രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ നിർബന്ധിതരായത്. കോണ്‍ഫറസിൽ തുടർന്നും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരെ വെയിറ്റിംഗ് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക. ഇപ്പോഴുള്ള രജിസ്ട്രേഷനിൽ ക്യാൻസലേഷൻ വരുന്നതിന് ആശ്രയിച്ചായിരിക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുക. നിത്യേനയുള്ള സന്ദർശകർക്ക് കോണ്‍ഫറൻസിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇപ്പോൾ രജിസ്റ്റർ ചെയ്തവരെല്ലാം ഏപ്രിൽ 30-നു മുൻപായി മുഴുവൻ പണവുമടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കണം. ജനുവരി 30-വരെ രജിസ്റ്റർ ചെയ്തവരുടെ താമസസൗകര്യം ഫേസ് ഒന്ന് ഹോട്ടൽ സമുച്ചയത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്നു രജിസ്റ്റർ ചെയ്തവർക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഇനി വരാനുള്ളവർക്കും ഫേസ് രണ്ടിലാണ് താമസസൗകര്യം ഏർപ്പാടാക്കുന്നത്. കണ്‍വൻഷൻ സെന്‍റിനോടു ചേർന്നുള്ള രണ്ട് യൂണിറ്റുകളിൽ ആദ്യത്തെ കെട്ടിടമായ ഫേസ് വണ്‍ കണ്‍വൻഷൻ സെന്‍ററിനോട് ചേർന്നാണുള്ളത്. ഫേസ് വണ്‍ കണ്‍വൻഷൻ സെന്‍ററിൽ നിന്നും ഏഴു മിനിറ്റ് നടപ്പുദൂരത്തിലുള്ള അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഏപ്രിൽ 30നു മുൻപ് ക്യാൻസൽ ചെയ്യേണ്ട ആവശ്യം വരികയാണെങ്കിൽ മുഴുവൻ പണവും തിരികെ ലഭിക്കും. മേയ് 30-നുള്ളിൽ ക്യാൻസൽ ചെയ്യുന്നവർക്ക് പകുതി പണമേ തിരികെ ലഭിക്കൂ. ജൂണ്‍ ഒന്നിനു ശേഷം ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുന്നതല്ല. രജിസ്ട്രേഷൻ ഒരു കാരണവശാലും മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാവില്ല. രജിസ്ട്രേഷൻ ലഭിച്ചവർ കോണ്‍ഫറൻസ് നിബന്ധനകൾ പൂർണമായും അനുസരിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 13ന് ഉച്ചകഴിഞ്ഞും 15നു രാവിലെ പത്തിനുശേഷവും മാത്രമേ വാട്ടർ തീം പാർക്ക് സന്ദർശിക്കാനുള്ള അനുമതിയുള്ളു.

കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ ഇപ്പോൾ സാധ്യമായിരിക്കുന്നത് സുവനീറിന്‍റെ പ്രസിദ്ധീകരണത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, ചീഫ് എഡിറ്റർ എബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളുടെയും ഏരിയ കോർഡിനേറ്റേഴ്സിന്‍റെയും നേതൃത്വത്തിൽ സുവനീറിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഇടവക സന്ദർശനങ്ങൾ നടന്നുവരുന്നു. സൂപ്പർ സെഷനുകളിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള ശിപാർശകളും നിർദ്ദേശങ്ങളും [email protected] എന്ന ഇ-മെയിലിൽ മാർച്ച് 15ന് മുൻപ് അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania

റിപ്പോർട്ട്: ജോർജ് തുന്പയിൽ