ഷിക്കാഗോ, മിസിസാഗ രൂപതകൾ 2017 യുവജനവർഷമായി ആചരിക്കുന്നു
Tuesday, February 21, 2017 7:39 AM IST
ന്യൂയോർക്ക്: 2017 യുവജനവർഷമായി പ്രഖ്യാപിച്ചുകൊണ്ട് യുഎസിലെയും കാനഡയിലേയും രണ്ടു സീറോ മലബാർ രൂപതകൾ യുവജന ശാക്തീകരണം ലക്ഷ്യമിടുന്നു. ആഗോളസഭയുടെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ നാനാവിധത്തിലുള്ള കഴിവുകളും ഉൗർജവും സമൂഹത്തിനും സഭയ്ക്കും ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള രൂപതകളുടെ പരിശ്രമം ശ്ലാഘനീയമാണ്. ഇതിനായി മുന്നോട്ടു വന്നിരിക്കുന്നത് ഇന്ത്യയ്ക്കു വെളിയിൽ ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ കത്തോലിക്കാരൂപതയും കാനഡയിൽ മിസിസാഗ കേന്ദ്രമായി രൂപീകൃതമായ സെന്‍റ് അൽഫോൻസ സീറോ മലബാർ എക്സാർക്കേറ്റുമാണ്. ഡയോസിഷൻ യൂത്ത് അപ്പസ്തോലേറ്റിന്‍റെ നേതൃത്വത്തിൽ (ഡിവൈഎ) മാർ ജേക്കബ് അങ്ങാടിയത്തും സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ടും നേതൃത്വം നൽകുന്ന ഷിക്കാഗോ രൂപത 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ യുവജനവർഷമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

യുവജനശക്തി തിരിച്ചറിഞ്ഞ് അതു നല്ലവഴിക്ക് തിരിച്ചുവിടാനാണ് മാർ ജോസ് കല്ലുവേലിൽ നയിക്കുന്ന സെന്‍റ് അൽഫോൻസ സീറോ മലബാർ എക്സാർക്കേറ്റും ഒ വർഷം നീണ്ടുനിൽക്കുന്ന ബ്രഹത്തായ പരിപാടികളിലൂടെ ശ്രമിക്കുന്നത്.

2018 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ റോമിൽ നടക്കാനിരിക്കുന്ന യുവജനസിനഡിന്‍റെ വെളിച്ചത്തിലാണ് രണ്ടു രൂപതകളും യുവജനവർഷമായി ആചരിക്കുന്നത്. ആഗോളതലത്തിലുള്ള ബിഷപ്പുമാരുടെ സാധാരണ സിനഡ് 2018 ഒക്ടോബറിൽ യുവജനങ്ങളുടെ വിശ്വാസവും ദൈവവിളിയുടെ വിവേചനവും എന്ന പ്രമേയം വിശദമായി ചർച്ച ചെയ്യും.

ഇതിനുള്ള ശാസ്ത്രീയമായ തയാറെടുപ്പിന്‍റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ യുജനങ്ങൾക്കായി ജനുവരിയിൽ പ്രസിദ്ധീകരിച്ച കത്തിന്‍റെ ആരംഭത്തിൽ യുവാക്കളോട് പാപ്പ പറയുന്ന വാക്കുകൾ വളരെ ശ്രദ്ധേയമാണ്. "നിങ്ങൾ സഭയുടെ ശ്രദ്ധാകേന്ദ്രമാകണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്തെന്നാൽ നിങ്ങൾ എന്‍റെ ഹൃദയത്തിൽ എപ്പോഴും വസിക്കും. ഇന്ന് ഞാൻ അവതരിപ്പിക്കുന്ന ആമുഖരേഖ നിങ്ങൾക്കൊ വഴികാട്ടി ആയി തീരും എന്ന് എനിക്കുറപ്പുണ്ട്.’ ഉൽപത്തി പുസ്തകത്തിലെ 12:1 വാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടർന്നു. കർത്താവ് അബ്രാമിനോട് അരുളിച്ചെയ്ത വാക്കുകൾ എന്‍റെ ഓർമയിൽ വ ì. "നിന്‍റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക’. ഇതേ വാക്കുകളാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്. യുവജനങ്ങളുടെ സമർപ്പണത്തിലൂടെ മെച്ചപ്പെട്ട ലോകം പടുത്തുയർത്താനാകുമെന്ന് പാപ്പ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.

യുവജനങ്ങൾ ഇന്നത്തെ ലോകത്തിൽ, വിശ്വാസവും ദൈവവിളിയും അജപാലനനടപടികൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് ഫ്രാൻസിസ് പാപ്പ അവതരിപ്പിച്ച രേഖ പ്രതിപാദിക്കുന്നത്. യുവജനങ്ങൾള്ള പ്രത്യേക ചോദ്യാവലിയിൽനിന്നു ശേഖരിക്കുന്ന വസ്തുതകൾ 2018 ലെ സിനഡിൽ ചർച്ചാവിഷയമാകും.

"നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്’ എന്നുള്ള ആപ്തവാക്യമാണ് ഷിക്കാഗോ രൂപതയുടെ യുവജനവർഷത്തിന്‍റെ ചിന്താവിഷയം.

മൂന്നു ഘട്ടങ്ങളായാണ് ഷിക്കാഗോ രൂപത യുവജനശാക്തീകരണം ലക്ഷ്യമിടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ആദ്യ ഘട്ടത്തിൽ യുവജനങ്ങൾക്ക് ദൈവത്തോടും തങ്ങളുടെ സഹോദരങ്ങളോടുമുള്ള വ്യക്തിബന്ധം ശക്തിപ്പെടുത്തുന്നതിനുതകുന്ന കർമപരിപാടികളായിരിക്കും നടപ്പാക്കുക. മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള രണ്ടാം ഘട്ടത്തിൽ ജനറേഷൻ ഗ്യാപ് ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ഇപ്പോൾ മൂന്നും നാലും തലമുറകൾ നമ്മുടെ ആരാധനാലയങ്ങളിലും സമൂഹത്തിലും ഉണ്ട്. വിവിധ കാഴ്ചപ്പാടുകളും ചിന്താഗതികളുമുള്ള ഈ നാലുതലമുറകളെ സ്നേഹത്തിലും സമാധാനത്തിലും ഒന്നിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇടവക തലത്തിലും രൂപതാതലത്തിലും നടപ്പിലാക്കും.

മൂന്നമത്തെ ഘട്ടം എന്നതുകൊണ്ടുദ്ദേശിക്കുന്നത് യുവാക്കൾ തങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ തങ്ങൾ ജീവിക്കുന്ന പൊതുസമൂഹവുമായി ഇഴുകിചേർന്ന് ക്രൈസ്തവമൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്നേഹത്തിലൂന്നിയുള്ള കാരുണ്യപ്രവൃത്തികളും സേവനങ്ങളും മറ്റുള്ളവർക്ക് ചെയ്തുകൊടുത്തുകൊണ്ട് ക്രിസ്തുവിന്‍റെ പാത പിന്തുടരാനുമുള്ള പ്രചോദനം യുവജനങ്ങൾക്ക് നൽകുക എന്നതാണ്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണിത് ലക്ഷ്യമിടുന്നത്.

മുകളിൽ പറഞ്ഞ ലക്ഷ്യങ്ങൾ സാധിക്കുന്നതിനും കർമപദ്ധതികൾ നടപ്പിലാക്കുന്നതിനും അതിന്‍റെ പരിണതഫലങ്ങൾ മറ്റുള്ള സഭാസമൂഹങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്നതിനുമായി ഷിക്കാഗോ രൂപത പ്രതിമാസ ന്യൂസ് ലറ്റർ ജനുവരി മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇടവക തലത്തിലും രൂപത തലത്തിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രതിമാസ കർമപരിപാടികൾ ഇതിൽ ചേർത്തിട്ടുണ്ടാവും യുവജനങ്ങളും മുതിർന്നവരും വൈദികരും കൈക്കാരന്മാരും മതാധ്യാപകരും ഒന്നുചേർന്ന് കർമപദ്ധതികൾ ആവിഷ്കരിക്കുകയും അവ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും വേണം. യുവജനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടൂള്ള ഒരു പ്രവർത്തനശൈലി ഓരോ ഇടവക/മിഷൻ തലത്തിലും കെട്ടിപ്പെടുക്കേണ്ടതുണ്ട്.

യുവജനവർഷത്തിന്‍റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും ജനുവരിയിൽ നടന്നു. ഡാളസ് സെന്‍റ് തോമസ്, ഡിട്രോയിറ്റ് സെന്‍റ് തോമസ്, കോറൽ സ്പ്രിംഗ്സ് ആരോഗ്യമാതാ, ന്യൂജേഴ്സി പാറ്റേഴ്സണ്‍ സെന്‍റ് ജോർജ്, സാക്രമെന്‍റോ ഇൻഫന്‍റ് ജീസസ്, ന്യൂജേഴ്സി സോമർസെറ്റ് സെന്‍റ് തോമസ്, ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ്, ഫിലഡൽഫിയ സെന്‍റ് തോമസ് എന്നീ ഇടവകകളിൽ ജനുവരിയിൽതന്നെ യുവജനവർഷാചരണത്തിനു തിരി തെളിച്ചു. ഫിലഡൽഫിയ സീറോ മലബർ പള്ളിയിൽ നടന്ന ഉദ്ഘാടന കർമങ്ങൾക്ക് വികാരി ഫാ. ജോണിക്കുട്ടി പുലിശേരി നേതൃത്വം നൽകി. ചടങ്ങിൽ ഇടവകയിലെ യുവജന ഫോറവും ഡിവൈഎ ഭാരവാഹികളും പങ്കെടുത്തു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ