ഡാളസ് സൗഹൃദ വേദി അഞ്ചാമത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും നടത്തി
Saturday, January 14, 2017 8:40 AM IST
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ അഞ്ചാമത് വാർഷികവും ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ജനുവരി എട്ടിന് കരോൾട്ടണിലുള്ള സെന്റ് ഇഗ്നെഷ്യസ് മലങ്കര ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.

സമ്മേളനത്തിൽ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. ലിറ്റററി സൊസൈറ്റി ഓഫ് അമേരിക്ക (ലാനാ)യുടെ നാഷണൽ പ്രസിഡന്റ് ജോസ് ഓച്ചാലിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകി. കരോൾട്ടൺ മാർത്തോമാ ചർച്ച വികാരി റവ. വിജു വർഗീസ് ക്രിസ്മസ് സന്ദേശം നൽകി. സെക്രട്ടറി അജയകുമാർ പ്രസംഗിച്ചു. തുടർന്നു നടന്ന ആഘോഷ പരിപാടികൾക്കു പ്രോഗ്രാം കോഓർഡിനേറ്റർ സുകു വർഗീസിന്റെ ഭക്‌തിഗാനത്തോടെ തുടക്കം കുറിച്ചു. സ്റ്റാൻലി ജോർജ്, മീനു എലിസബത്ത്, സാബു, അലക്സ്, ഐറിൻ, സുകു തുടങ്ങിയവർ കരോൾ ഗാനങ്ങൾ ആലപിച്ചു. റിഥം സ്കൂൾ ഓഫ് ഡാളസിലെ കുട്ടികൾ അവതരിപ്പിച്ച ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസുകൾ, ബാല കലാതിലകം നടാഷ കൊക്കൊടിലിന്റെ സെമി ക്ലസിക്കൽ നൃത്തം, പ്രശസ്ത പിന്നണി സംഘാടകനായ ശാലു ഫിലിപ്പിന്റെ ശിക്ഷണത്തിൽ കുട്ടികളായ അമീർ വിൻസെന്റ്,ജോദ്ദം സൈമൻ,അശ്വിൻ കോശി, അശ്വിൻ വർഗീസ്, ബെനറ്റ് ജേക്കബ് എന്നിവർ അവതരിപ്പിച്ച വാദ്യ മേളം പരിപാടികൾക്ക് പുതുമയേറി. ഐറിൻ കലൂർ, ആര്യ അജയ് എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു. വിഭവ സമൃദ്ധമായ ന്യൂ ഇയർ ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: എബി മക്കപ്പുഴ