പുതുവർഷത്തിലെ ആദ്യ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Thursday, January 12, 2017 8:41 AM IST
ഹണ്ട്സ് വില്ല: മയക്കു മരുന്നു വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫർ വിൽകിൻസിന്റെ (48) വധശിക്ഷ ടെക്സസിലെ ഹങ്ങ്സ് വില്ല പ്രിസണിൽ നടപ്പാക്കി. ഈ വർഷം അമേരിക്കയിൽ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

2005 ഒക്ടോബർ 28 നാണ് കേസിനാസ്പദമായ സംഭവം. വിൽകിൻസൺ സുഹൃത്തുക്കളായ ഫ്രീമാൻ (40) മൈക്ക് സിൽവ (33) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

സുപ്രീം കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് ചേംബറിൽ പ്രവേശിച്ച ഉടനെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രതി ക്ഷമ ചോദിച്ചു. മാരകമായ വിഷ മിശ്രിതം സിരകളിലൂടെ കടത്തിവിട്ട് 13 മിനിറ്റിനുള്ളിൽ മരണം സംഭവിച്ചു. 2017 ൽ ആദ്യ മാസങ്ങളിൽ വിൽകിൻസൺ ഉൾപ്പെടെ ഒൻപതു പേരാണ് വധശിക്ഷ കാത്ത് ടെക്സസ് പ്രിസണിൽ കഴിയുന്നത്.

വിഷ മിശ്രിതം ഉപയോഗിച്ച് നടത്തുന്ന വധശിക്ഷ ക്രൂരമാണെന്നും വധശിക്ഷ തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അമേരിക്കയിൽ ശക്‌തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നു വരുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ