കുടുംബവഴക്ക്: വിമാനം വീടിന് മുകളിൽ ഇടിച്ചിറക്കിയ ഭർത്താവ് മരിച്ചു
Tuesday, August 14, 2018 10:35 PM IST
പെയ്സൺ (യൂട്ടാ) ∙ കുടുംബവഴക്കിനെ തുടർന്ന് പ്രകോപിതനായ ഭർത്താവ് വിമാനം വീടിനുമുകളിൽ ഇടിപ്പിച്ച് ആത്മഹത്യ ചെയ്തു. വീടിനു മുൻവശം അഗ്നിഗോളമായി മാറിയെങ്കിലും ഭാര്യയും കുട്ടിയും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഓഗസ്റ്റ് 13നാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ പരാതിയനുസരിച്ച് ഭർത്താവ് ഡ്വയനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നു രാത്രി തന്നെ ജാമ്യത്തിൽ ഇറങ്ങിയ ഡ്വയൻ വീടിനു പതിനാലു മൈൽ അകലെയുള്ള തൊഴിലുടമയുടെ വിമാനം തട്ടിയെടുത്താണു വീടിനു നേരെ പറത്തിയത്. പരിചയ സമ്പന്നനായ പൈലറ്റ് ആയിരുന്നു 47 കാരനായ ഡ്വയൻ.

സ്പാനിഷ് ഫോർക്ക് – സ്പ്രിംഗ് വില്ല എയർപോർട്ടിലായിരുന്നു വിമാനം കിടന്നിരുന്നത്. വീടിനെ ലക്ഷ്യമാക്കി പറന്ന വിമാനം വൃക്ഷ തലപ്പുകളിൽ തട്ടിയതിനാൽ വീടിനകത്തേക്ക് പ്രവേശിപ്പിക്കുവാൻ കഴിഞ്ഞില്ല. ഇടിയുടെ ആഘാതത്തിൽ വിമാനവും വീടിന്‍റെ മുൻവശവും തകർന്നു. ഡ്വയൻ വിമനത്തിനകത്തു വച്ചു തന്നെ മരിച്ചു.

എട്ട് ഡൊമസ്റ്റിക് വയലൻസ് കേസുകള്‍ ഇവരുടെ പേരിൽ ചാർജ് ചെയ്തിരുന്നു. കൗൺസിലിംഗിനു ഭാര്യയും ഭർത്താവും സമ്മതിച്ചിരുന്നതാണെന്നും പെയ്സൺ പോലീസ് സർജന്‍റ് നവോമി സാഡൊവൽ പറഞ്ഞു.

റിപ്പോർട്ട് : പി.പി. ചെറിയാൻ